കലഞ്ഞൂർ: നാളിതുവരെ അകലെ നിന്നുമാത്രം കണ്ടിട്ടുള്ള പോലീസ് സ്റ്റേഷൻ നേരിൽ കണ്ടറിഞ്ഞതിലുള്ള സന്തോഷത്തിലാണ് കലഞ്ഞൂർ ഗവൺമെന്റ് സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അംഗങ്ങൾ. കൂടൽ സ്റ്റേഷനിൽ എത്തിച്ചേർന്ന വിദ്യാർഥികളെ സബ്ഇൻസ്പക്ടർ എസ്.ആർ. സേതുനാഥ്, ഡ്രിൽ ഇൻസ്ട്രക്ടർ ശൈലജാകുമാരി എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സ്റ്റേഷൻ നടപടികൾ സവിസ്തരം വിശദമാക്കി.
കേരളാ പോലീസ് ഇന്ന് ഉപയോഗിക്കുന്ന യൂണിഫോം മുതൽ ആധുനിക ക്രമസമാധാന പാലന ഉപകരണങ്ങളും ജനമൈത്രി മുതൽ പോലീസ് ചെയ്യുന്ന സാമൂഹിക സേവനങ്ങളും തിരിച്ചറിഞ്ഞ കേഡറ്റ്സ്, ഭയത്തോടെ നോക്കിക്കാണണ്ടവരല്ല പോലീസ് സേനയെന്ന ബോധ്യത്തിൽ സ്റ്റേഷൻ കണ്ടിറങ്ങി. സിപിഒമാരായ ഫിലിപ്പ് ജോർജ്, എം.എച്ച്. ഫൗസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.