കായംകുളം: ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷാവസ്ഥയും നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കെപി റോഡിന് സമീപം പള്ളിയുടെ പ്രധാന കവാടത്തിൽ രണ്ട് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് ക്യാമറകൾ സ്ഥാപിച്ചത്. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പള്ളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിഭാഗമാണ് പോലീസ് സാന്നിധ്യത്തിൽ കാമറകൾ സ്ഥാപിച്ചത്.
യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസമുണ്ടായ സഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. അതേസമയം പള്ളിയ്ക്കു സമീപത്തെ വീടിന് മുന്പിൽ പന്തൽ കെട്ടി യാക്കോബായ സഭ പ്രതിഷേധം പ്രകടിപ്പിച്ച് നടത്തുന്ന സഹന സമരം 125 ദിവസം പിന്നിട്ടു. ഇന്ന് മന്ത്രിസഭാ ഉപസമിതി ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങളെ തിരുവനന്തപുരത്ത് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
കട്ടച്ചിറ പള്ളി തർക്ക വിഷയവും ഉപസമിതി ചർച്ച ചെയ്യും. ആലപ്പുഴ ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ളയെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് ലാത്തിച്ചാർജ് ഉണ്ടായതിനെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കട്ടച്ചിറയിൽ ഇപ്പോഴും പള്ളിയ്ക്ക് മുന്പിൽ ബാരിക്കേഡ് തീർത്ത് പോലീസ് ക്യാന്പ് ചെയ്യുകയാണ്.
ഇതിനിടയിൽ പള്ളിയിൽ പ്രവേശിപ്പിച്ച ഓർത്തഡോക്സ് വിഭാഗം പള്ളിയിലെ പെരുന്നാൾ വിപുലമായി ആഘോഷിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഇതിനായി വികാരി ഫാ. ജോണ്സ് ഈപ്പന്റെ നേതൃത്വത്തിൽ കൊടിയേറ്റും നടത്തി. പെരുന്നാളിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകൂടം ഇരുവിഭാഗവുമായി ചർച്ച തുടരുകയാണ്.