പരവൂർ: തെക്കൻ കേരളത്തെയാകെ മുൾമുനയിൽ നിർത്തിയ കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ. ഇന്നലെ രാത്രിയിൽ കുറുമണ്ടൽ കല്ലും കുന്ന് പ്രദേശത്ത് മോഷണം നടത്തി രക്ഷപെടാൻ ശ്രമിക്കവേ നാട്ടുകാർ ജോസിനെ ഓടിച്ചിട്ട് പിടികൂടിയത്.
പിന്നീട് ഇയാളെ പോലീസിന് കൈമാറി. ഒരാഴ്ച മുൻപ് പരവൂർ ദയാബ്ജി ജംഗ്ഷനിലുള്ള അനിതാ ഭവനിൽ നിന്നും അൻപത് പവനും അരലക്ഷം രൂപയും കവർന്ന ജോസ് പരിസരത്ത് തന്നെയുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വീണ്ടും മോഷണത്തിന് കയറുകയും അവിടെത്തന്നെ ഒളിവിൽ കഴിഞ്ഞ് മറ്റ് മോഷണങ്ങൾ ആസൂത്രണം ചെയ്തുവരികയായിരുന്നു.
അടച്ചുപൂട്ടികിടന്ന വീട്ടിൽ ആളനക്കം കണ്ടതിനെ തുടർന്ന് കഴിഞ്ഞദിവസം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും ഇയാൾ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. പോകുന്നതിനു മുന്പ് താൻ മോഷണം നടത്തിയ വീട്ടുകാർക്കായി സിനിമാ സ്റ്റൈലിൽ ഒരു കുറിപ്പ് എഴുതിവച്ചിരുന്നു.
‘നിങ്ങൾ അടുത്ത പ്രാവശ്യം പോകുന്പോൾ എനിക്കിവിടെ പൈസയും സ്വർണവും വെച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ ഇനിയും ഇവിടെ കയറും. നിങ്ങൾ വീടു പൂട്ടി പോ, ഗേറ്റു പൂട്ടി പോ എന്നു കള്ളൻ’- ഇങ്ങനെയായിരുന്നു കുറിപ്പ്.
ഒളിവിൽ താമസിച്ച വീട്ടിൽ ആഹാരം പാകം ചെയ്ത് കഴിക്കുകയും നിരവധി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുക പതിവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശവാസികൾ ഊണും ഉറക്കവുമുപേക്ഷിച്ച് ജോസിനെ പിടിക്കാൻ ജാഗ്രതാ സമിതി രൂപീകരിച്ച് പോലീസിനോടൊപ്പം ചേർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിൽ നിരവധി സ്ഥലങ്ങളിൽ ഇയാളെ കാണുകയും തലനാരിഴക്ക് രക്ഷപെട്ടുവരികയായിരുന്നു. കഴിഞ്ഞ ദിവസവും നാട്ടുകാർ അന്വേഷണം നടത്തിവരുന്നതിനിടയിൽ മോഷണം നടത്തിയ ശേഷം മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാരുടെ കൈയിൽ അകപ്പെടുകയായിരുന്നു. വീണ്ടും ഓടി രക്ഷപെടാൻ ജോസ് ശ്രമിച്ചെങ്കിലും പ്രദേശവാസികൾ ഓടിച്ചിട്ട് പിടിച്ച് പോലീസിനു കൈമാറി. ഇയാളെ പിടികൂടി നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിൽ എടുത്ത ജോസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആരോഗ്യ പരിശോധന നടത്തി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ജോസിനെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ച മുന്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് ജോസ് പുറത്തിറങ്ങിയത്. അടുക്കള വാതിൽ തീയിട്ട് വീട്ടിനുള്ളിൽ കയറി മോഷ്ടിക്കുകയെന്നതാണ് മൊട്ട ജോസിന്റെ രീതി. തീ പുറത്തു കാണാതിരിക്കാൻ ചുടുകട്ടകൾ വയ്ക്കും. ആൾതാമസമില്ലാത്ത വീടുകളിൽ വാതിൽ കുത്തിപ്പൊളിച്ചാണ് കയറുക. അതു കൊണ്ടുതന്നെ പലപ്പോഴും മോഷ്ടാവ് ആരെന്നു പോലീസിന് പിടി കിട്ടാറുണ്ട്.