കൊച്ചി: മൂന്നുദിവസം മുന്‍പുമാത്രം ശിക്ഷ കഴിഞ്ഞു ജയിലിൽനിന്നിറങ്ങിയയാൾ മോഷണക്കേസിൽ വീണ്ടും റിമാൻഡിൽ. എറണാകുളം മുണ്ടംവേലി വലിയവീട്ടിൽ ബിജു ജോസഫിനെ(43) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പട്ടാപ്പകൽ ഹൈക്കോർട്ട് ജംഗ്ഷനിൽ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന യുവാവിന്റെ ഫോണ്‍ തട്ടിപ്പറിച്ച സംഭവത്തിൽ സെൻട്രൽ പോലീസാണ് ഇയാളെ പിടികൂടിയത്.
ഹൈക്കോർട്ട് ജംഗ്ഷനിൽ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ഫോണാണ് പ്രതി തട്ടിപ്പറിച്ചത്. തടയാൻ ശ്രമിച്ച യുവാവിനെ പ്രതി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം കണ്ടുനിന്ന ആളുകൾ പ്രതിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി സമീപത്തെ ബഹുനില കെട്ടിടത്തിൽ കയറി ഒളിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കെട്ടിടത്തിൽ നടത്തിയ തെരച്ചിലിൽ സണ്‍ഷേഡിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഷൻ സിഐ എസ്. വിജയശങ്കർ, എസ്ഐമാരായ സുനുമോൻ, എം.സി. മധു, സീനിയർ സിപിഒമാരായ ഷാജി, ശജിത്ത്, രഞ്ജിത്ത്, സിപിഒ മുഹമ്മദ് ഇസ്ഹാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.