തലശേരി: കേയി കുടുംബത്തിന് അവകാശപ്പെട്ടതെന്ന് കരുതുന്ന കേയി റുബാത്തുമായി ബന്ധപ്പെട്ട 5000 കോടി രൂപ ഇന്ത്യക്ക് കൈമാറാനുള്ള നടപടി അന്തിമ ഘട്ടത്തിലെത്തിലേക്ക് കടക്കവെ ഈ തുക ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനെ ശക്തമായി എതിര്‍ത്തു കൊണ്ട് കേയി കുടുംബത്തിലെ പ്രമുഖ അംഗമായ അഡ്വ.സി.ഒ.ടി ഉമ്മര്‍ രംഗത്ത്. സൗദ്യ അറേബ്യയിലെ സര്‍ക്കാര്‍ ഖജനാവിലാണ് പണം ഉള്ളത്.
കേയി റുബാത്ത് അക്വയർ ചെയ്ത തുക ഉപയോഗിച്ച് മക്കയില്‍ മലയാളി ഹാജിമാര്‍ക്ക് വേണ്ടി വിശ്രമ കേന്ദ്രം ഒരുക്കണമെന്നും ഇപ്പോള്‍ കേയി റുബാത്ത് ആക്ഷന്‍ കമ്മറ്റിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും കേയി റുബാത്തുമായി ബന്ധമില്ലെന്നും സി.ഒ.ടി ഉമ്മര്‍ വ്യക്തമാക്കി.
തുക കൊണ്ടു വാരാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ കോടികളുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് കോടികളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. മുമ്പും ഈ തുക ഇന്ത്യയിലെത്തിക്കാന്‍ പലരും ശ്രമം നടത്തിയിരുന്നതായും സി.ഒ.ടി ഉമ്മര്‍ വ്യക്തമാക്കി.
കേയി തറവാടിന്റെ അധീനതയിലുള്ള പുരാതന മുസ്ലിം ദേവാലയമായ ഓടത്തില്ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റി സെക്രട്ടറി കൂടിയായ സി.ഒ.ടി ഉമ്മറിന്റെ നിലപാട് കേയി റുബാത്ത് തുകയുടെ കാര്യത്തില്‍ നിര്ണായകമാകുകയാണ്.
ഇതിനിടയില്‍ നാല് കുടുംബത്തില്‍ പെട്ടവരാണ് ഈ തുകക്ക് അര്‍ഹരെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വക്കാരന്‍ വലിയപുര, ചൊവ്വക്കാരന്‍ പുതിയപുര, ചൊവ്വക്കാരന്‍ കേളോത്ത്, ചൊവ്വക്കാരന്‍ ഓര്‍ക്കാട്ടേരി എന്നീ കുടുംബങ്ങളാണ് അയ്യായിരം കോടിയുടെ അവകാശികളന്നാണ് നിഗമനം.
ഈ കുടംബങ്ങളില്‍ പെട്ടവര്‍ ഇതിനായുള്ള രേഖകളടങ്ങിയ അപേക്ഷകള്‍ ഇതിനകം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. കേന്ദ്ര വഖഫ് ബോര്‍ഡിലെ പ്രമുഖനാണ് തുക ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ തുക ഇന്ത്യക്ക് കൈമാറുന്നത് കേയി കുടുംബത്തിലെ പൂര്‍വികരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേയി കുടുംബത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.