പയ്യോളി: പെണ്മക്കളുടെ കാലുകള്‍ സ്വന്തം ശരീരത്തോട് കെട്ടി വെച്ച് കട വരാന്തകളില്‍ ഉറങ്ങിയ കാളരാത്രികള്‍ ഇനി ഈ അമ്മക്ക് മറക്കാം. പയ്യോളി ഗവ: ഹൈസ്കൂളിലെ കൂട്ടുകാരും അദ്ധ്യാപകരും തച്ചന്‍കുന്ന് പ്രദേശത്തെ നല്ലവരായ നാട്ടുകാരും ഒരുമിച്ചപ്പോള്‍ നാടോടികളായ മണികണ്ഠനും തുളസിക്കും ലഭിച്ചത് ഏഴ് സെന്റ് സ്ഥലവും അതില്‍ നിര്‍മ്മിച്ച മനോഹരമായ വീടുമാണ്. ഇരുപത്തിയഞ്ച് വര്‍ഷമായി പ്രദേശത്ത് ആക്രിസാധനങ്ങള്‍ ശേഖരിച്ച് ജീവിക്കുന്ന ഈ തമിഴ് ദമ്പതികള്‍ക്കൊപ്പം മൂന്ന് മക്കളും ഇവരുടെ അമ്മയുമുണ്ട്.
ഇവരുടെ ദുരവസ്ഥ കണ്ട് നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ച് സഹായ ഹസ്തങ്ങള്‍ക്കായി ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇക്കാര്യം സൂചിപ്പിക്കാന്‍ വേണ്ടി ഇവര്‍ പഠിക്കുന്ന പയ്യോളി ഗവ: ഹൈസ്കൂളില്‍ കമ്മറ്റി അംഗങ്ങള്‍ എത്തിച്ചേര്‍ന്നതാണ് ഈ വിജയകഥയുടെ തുടക്കം.
പിന്നീട് ശരവേഗത്തിലായിരുന്നു കാര്യങ്ങള്‍. തങ്ങളുടെ സ്കൂളിലെ കുട്ടികളുടെ ദയനീയ അവസ്ഥ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ മനസ്സിലാക്കിയ അദ്ധ്യാപകരും സഹപാഠികളും ഈ ദൌത്യം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ആരംഭിച്ച വീട് നിര്‍മാണം പണി പൂര്‍ത്തിയാക്കി മൂന്നിന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഈ കുടുംബത്തിന് സമര്‍പ്പിക്കും.
ഇവരുടെ പഠനമുറിയിലേക്ക് ആവശ്യമായ വസ്തുക്കള്‍ സ്കൂളില്‍ നിന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ സഹപാഠികള്‍ ചടങ്ങില്‍ ഇവര്‍ക്ക് കൈമാറും. തച്ചന്‍കുന്ന് സ്വദേശിയായ ചാലില്‍ സുരേന്ദ്രനാണ് സൌജന്യ നിരക്കില്‍ ഏഴ് സെന്റ് സ്ഥലം വീട് നിര്‍മ്മാണത്തിനായി നല്‍കിയത്.
അഞ്ച് ലക്ഷം സ്ഥലത്തിനും ഏഴ് ലക്ഷം രൂപ വീടിനും ചിലവായി. ഇതില്‍ വീട് നിര്‍മാണത്തിനാണ് സ്കൂളില്‍ നിന്നും സഹായം ലഭിച്ചത്. കുട്ടികളില്‍നിന്ന് ഒരു ലക്ഷവും ആറ് ലക്ഷം രൂപ അധ്യാപകരുമാണ് സ്വരൂപിച്ചത്. അധ്യാപകര്‍ കുറഞ്ഞത് മൂവായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെ ഇതിനായി നല്‍കിയിട്ടുണ്ട്. കൂട്ടുകാരിക്കൊരു കൂട് എന്ന് പേരിട്ട ചടങ്ങിന് കെ. ദാസന് എംഎല്‍എ അധ്യക്ഷം വഹിക്കും.