കൊരട്ടി: ടൺ കണക്കിന് മാംസാവശിഷ്ടങ്ങളും, മൃഗങ്ങളുടെ തോലുകളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ കൊണ്ടുപോകുന്നതിനിടയിൽ നാലംഗസംഘം തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ സിസിടിവി കാമറകൾ പരിശോധന പോലീസ് തുടങ്ങി.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ചയാണ് മട്ടാഞ്ചേരിയിൽ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന മാംസാവശിഷ്ടങ്ങളടങ്ങിയ ലോറി നാലംഘ സംഘം തട്ടിക്കൊണ്ടുപോയത്. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും ഭീഷണിപ്പെടുത്തിയാണ് ലോറി തട്ടിയെടുത്തത്. പിന്നീട് ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേശീയപാതയോരത്ത് കണ്ടെത്തിയെങ്കിലും ലോറിയിലെ ലോഡ് മോഷണം പോയിരുന്നു.
ഏകദേശം എട്ട് ടണ്‍ തൂക്കം വരുന്ന വസ്തുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മട്ടാഞ്ചേരിയിൽ നിന്നുള്ള യാത്രാമധ്യേ ദേശീയപാതയോരത്തെ ചിറങ്ങരയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ലോറിയിൽ കയറുന്പോഴാണ് നാലംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതത്രേ.
പിന്നീട് ഡ്രൈവറും ക്ലീനറും കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സാധാരണക്കാരയ ആർക്കും ഈ വസ്തുക്കൾ ആവശ്യമില്ലാത്തതിനാൽ ഈ വസ്തുക്കളുമായി ബന്ധപ്പെട്ട കച്ചവടക്കാരുടെ കുടിപ്പകയാണോ, കരാറുകരാണോ ഇതിനു പിന്നില്ലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.