പുതുനഗരം: ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന തെരുവു നായകളുടെ പരാക്രമം കാൽനട, ഇരുചക്രവാഹനയോത്രക്കാർക്കും ഭീതിവിതയ്ക്കുന്നു. കാലത്തും വൈകുന്നേര സമയങ്ങളിലും വിദ്യാർത്ഥികൾ സ്ക്കൂളിലേക്ക് പോയി വരുന്നതുവരെ രക്ഷിതാക്കളും ആശങ്കയിലാണ്.
കൊടുവായുർ ,തത്തമംഗലം, പെരുവെന്പ്, കരിപ്പോട് പാതകളിലും നായകൾ കൂട്ടമായാണ് സഞ്ചരിക്കുന്നത്. ടൗണിൽ മാത്രം 4000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പല രക്ഷിതാക്കളും എൽപി വിദ്യാർത്ഥികളെ തെരുവുനായ ഭീതിമറികടന്നാണ് സ്കൂളിൽ എത്തിക്കുന്നത്.
റോഡിനു കുറുകെ തെരുവുനായകൾ ഓടുന്നതും മൂലം ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാർ പരിക്കേറ്റ നിരവധി അപകടങ്ങൾ നടന്നു കഴിഞ്ഞു. റോഡുവക്കത്തു പല്ലു തിന്ന ആട്, മാട്, കോഴി വളർത്തു മ്യഗങ്ങളേയും നായക്കൂട്ടംആക്രമിക്കുന്നുണ്ട്. വീടുകൾക്കു മുന്നിൽ കെട്ടിയിരിക്കുന്ന വളർത്തുനായകളേയും തെരുവുനായ ആക്രമിക്കുന്നുണ്ട്.
കഴിഞ്ഞവർഷം തെരുവു നായകളെ പിടികൂടി വന്ധ്യംകരണം നടത്തി തൽസ്ഥാനത്തു തന്നെ ഇറക്കിവിട്ടിരുന്നു. ഇത്തരം സർക്കാർ നടപടിമൂലവും നാട്ടുകാർക്ക് നായശല്യത്തിൽനിന്നും മോചനം നൽകുന്നില്ലെന്ന ആരോപണമുണ്ട്.