കൊല്ലം :വ്യാജ പരാതികളുമായി വനിതാ കമ്മീഷനെ സമീപിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും. ആശ്രാമം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന് മെഗാ അദാലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെവന്ന പരാതികള്‍ പരിഗണിക്കവെയാണ് കമ്മീഷന്റെ പരാമര്‍ശം.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാല് പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇതില്‍ മൂന്നെണ്ണവും വ്യാജമാണെന്ന് കമ്മീഷന് കണ്ടെത്തി. ഇത്തരത്തില്‍ വ്യാജ പരാതികളുമായി കമ്മീഷന് മുന്നില്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ. എം എസ് താര പറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പ്രതിയുടെ അമ്മ വനിതാ കമ്മീഷന് മുന്നിലെത്തി. എന്നാല്‍ കേസിനാസ്പദമായ സംഭവം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പരാതിയുമായി എത്തിയതെന്ന് കമ്മീഷന് വിലയിരുത്തി. ഈ പരാതിയും വ്യാജമാണെന്ന് കണ്ട് തള്ളിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് മൂലമുള്ള പരാതികള്‍ കമ്മീഷന് മുന്നില്‍ എത്തുന്നത് ഏറിവരികയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ചെറിയ പ്രശ്നങ്ങള്‍ പോലും സങ്കീര്‍ണമാക്കി വിവിധ നിയമ സംവിധാനങ്ങളിലേക്ക് പ്രശ്ന പരിഹാരത്തിനായി എത്തുന്ന ദയനീയാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
അദാലത്തില്‍ 125 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 24 പരാതികള്‍ തീര്‍പ്പാക്കി. വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്നതിനായി 12 പരാതികള്‍ മാറ്റി. 89 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.