കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് അനുമാനിക്കാനുള്ളതൊന്നും ഈ ഘട്ടത്തിൽ കോടതിക്കു മുന്നിൽ ഉണ്ടായിരുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
എന്നാൽ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ ബന്ധുക്കൾ പറഞ്ഞു. കേസിൽ നീതികിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഷുഹൈബിന്റെ പിതാവ് അറിയിച്ചു.
ഷുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാൽ ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പ്രാദേശിക വൈരമാണ് കൊലപാതക കാരണം എന്നാണ് സർക്കാർ വാദം.