ഗാന്ധിനഗർ: മെഡിക്കൽകോളജ് കവലയിലെ അനധികൃത പെട്ടിക്കടകൾ വീണ്ടും പൊളിച്ചു. ജില്ലാ വികസന സമിതി യോഗത്തിലെ തീരുമാനപ്രകാരം പൊതുമരാമത്ത് വകുപ്പാണ് പെട്ടിക്കടകൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്കുന്നത്. ഗാന്ധിനഗർ പോലീസിന്റെ സഹായവുമുണ്ട്.ഇന്നു രാവിലെ എട്ടുമണിയോടെയാണ് പെട്ടിക്കടകൾ നീക്കം ചെയ്തു തുടങ്ങിയത്. 28ഓളം അനധികൃത കടകളാണ് മെഡിക്കൽകോളജ് പരിസരത്ത് പ്രവർത്തിക്കുന്നത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പെട്ടിക്കടകളിൽ ഭക്ഷണം പാകം ചെയ്തു നല്കുന്നതെന്നാണ് ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത കടകൾ പൊളിച്ചു നീക്കിയത്. ബസ്സ്റ്റാൻഡിനു സമീപമുള്ള ചില തട്ടുകടകൾ സീബ്രാ ലൈനിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇത് കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനു വരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
അതേ സമയം മെഡിക്കൽ കോളജിലെ തട്ടുകടകൾ നീക്കം ചെയ്യുന്നതിനെതിരേ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) രംഗത്തു വന്നു. ഇവർ പ്രതിഷേധ പ്രകടനം നടത്തി. മെഡിക്കൽ കോളജിൽ അനധികൃത കടകൾ നീക്കം ചെയ്യുന്നത് ഇതാദ്യമല്ല. നിരവധി തവണ കടകൾ നീക്കം ചെയ്തിട്ടുള്ളതാണ്.
നീക്കം ചെയ്യുന്നതിനു പിറ്റേന്നു തന്നെ കടകൾ പഴയ സ്ഥലത്തു തിരികെ വരും എന്നതാണ് ഇതിനു മുൻപത്തെ അനുഭവം. ഡിവൈഎസ്പി ശ്രീകുമാർ, ഗാന്ധിനഗർ സിഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീ്സ് സ്ഥലത്തെത്തിയിരിക്കുന്നത്. അതിരന്പുഴ, ആർപ്പൂക്കര, പെരുന്പായിക്കാട് വില്ലേജ് ഓഫീസർമാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.