സെബി മാത്യു
മകളെ പഠിപ്പിക്കൂ, മകളെ രക്ഷിക്കൂ എന്ന പരസ്യവാചകം ആർത്തുവിളിക്കുന്ന രാജ്യസ്നേഹികളുടെ ഇടയിൽ നിന്നാണ് സ്വന്തം മകളുടെ രക്ഷയ്ക്കായി ഒരമ്മ എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്നത്. അധികാരം അടക്കിവച്ചു വാണവർ അവളെ ഒരു പാഠം പഠിപ്പിച്ച് അനക്കമില്ലാതെ കിടത്തിയിരിക്കുന്നു. ഇനി ഏത് അധികാരി വന്നു രക്ഷിക്കും എന്ന് അവർ ചോദിക്കുന്പോൾ സുപ്രീംകോടതിക്കുപോലും ഞെട്ടൽ ഉളവാക്കിയ ഒരു നീതിനിഷേധം രാജ്യത്തിന്റെ തലയ്ക്കുമീതെ ഗ്രഹണ ബാധയേറ്റെന്ന പോലെ ഇരുൾമൂടി നിൽക്കുന്നു.
മകളുടെ അടഞ്ഞ കണ്ണുകൾക്കുമീതെ ഉള്ളിൽ ഇനിയും ബാക്കിയുള്ള ജീവന്റെ അടയാളം ഇമയനക്കമായെങ്കിലും വരുന്നുണ്ടോ എന്നു കാത്തുകാത്തിരുന്ന് കണ്ണീരൊഴുക്കുകയാണ് ഉന്നാവോയിലെ പെണ്‍കുട്ടിയുടെ അമ്മ. ഭർത്താവ് മരിച്ചു. അടുത്ത ബന്ധുക്കൾ മരിച്ചു.
അധികാരത്തിന്റെ മത്തു പിടിച്ച ഒരു കാപാലികൻ ക്രൂരമായി മാനഭംഗപ്പെടുത്തിയ മകൾ നീതി തേടി ഇറങ്ങിയ വഴിയിൽ അനക്കമില്ലാതെ അകത്തുകിടക്കുന്നു. മുറിവേറ്റ നാട് ചുറ്റുംനിന്നു നിലവിളിക്കുന്നുണ്ട്. പക്ഷേ, ഈ അമ്മയുടെ ഹൃദയവേദനകൾക്ക് ഉത്തരം നൽകാൻ പരമോന്നത നീതിപീഠം പോലും വളരെ വൈകിയെടുത്ത കരുതലിനും കഴിയുമെന്നു പൂർണമായും കരുതുക വയ്യ.
അത്യാഹിത വാർഡിന്റെ വാതിൽ തുറന്നടയുന്പോഴൊക്കെ അവളുടെ കണ്ണു തുറന്നോ എന്നു അവർ നിലവിളി ശബ്ദത്തിൽ അലറിക്കരഞ്ഞു ചോദിക്കുന്നുണ്ട്. എന്തുത്തരം നൽകുമെന്നറിയാതെ ഡോക്ടർമാരും അടുത്തു നിൽക്കുന്ന ബന്ധുക്കളും ചേർത്തു പിടിച്ചാശ്വസിപ്പിക്കുന്നു. പത്തൊമ്പതു വയസു മാത്രമുള്ള തന്റെ മകൾ ആശുപത്രി യന്ത്രങ്ങളുടെ സഹായത്തിൽ ജീവശ്വാസമെടുത്ത് അനക്കമില്ലാതെ കിടക്കുന്പോൾ ഇതു പോലൊരമ്മയെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കളും കുഴഞ്ഞുപോകുന്നു.
ഉത്തരമില്ലാതെ അധികാരകേന്ദ്രങ്ങൾ
കഴിഞ്ഞ നാലു ദിവസമായി പാർലമെന്റിൽ പ്രതിപക്ഷം ഉന്നാവോ പെണ്‍കുട്ടിയെ ചൂണ്ടിക്കാട്ടി തുടർച്ചയായി പ്രതിഷേധം ഉയർത്തുന്നുണ്ട്. സ്പീക്കറോ ഭരണപക്ഷമോ ഇതിനൊന്നും ചെവി കൊടുക്കാതെ തിടുക്കപ്പെട്ടു ചില നിയമങ്ങൾ ഭേദഗതി ചെയ്യുകയും പുതിയ ചില നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിന്റെ തിരക്കിലാണ്.
സ്പീക്കറുടെ കസേരയിലിരിക്കവേ മുതിർന്ന ബിജെപി അംഗത്തെ നോക്കി അർഥം വെച്ചാരു പാട്ട് പാടിയ അസംഖാനെ സഭയിൽ രണ്ടുതവണ എഴുന്നേൽപ്പിച്ചു നിർത്തി മാപ്പു പറയിച്ചത് കക്ഷിഭേദമില്ലാതെ മുന്നിട്ടിറങ്ങിയ വനിത എംപിമാരാണ്. അവരിലൊരാൾ പോലും ഉന്നാവോയിലെ പെണ്‍കുട്ടിക്കുവേണ്ടി അതുപോലൊരു വനിത മതിൽ ഉയർത്തുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റ് രണ്ടാം മാസത്തിലാണ് ഉന്നാവോയിലെ പെണ്‍കുട്ടിയുടെ ദുര്യോഗം സംഭവിക്കുന്നത്. അന്നു മുതൽ ഇന്നുവരെ ബിജെപിയുടെ കേന്ദ്ര, സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ എന്തു നിലപാട് എടുത്തു എന്നതു പരിശോധിച്ചാൽ മാത്രം മതി അധികാരം എങ്ങനെയൊക്കെ അടുപ്പക്കാരുടെ മുന്നിൽ വളഞ്ഞൊടിയുന്നു എന്ന തിരിച്ചറിവിന്.
യോഗി സർക്കാരിന്റെ എല്ലാ അനാസ്ഥകളെയും തുറന്നുകാണിക്കുന്നതാണ് പെണ്‍കുട്ടിയുടെ സുരക്ഷയ്ക്ക് സംസ്ഥാന പോലീസിനെ ഒഴിവാക്കി സിആർപിഎഫിനെ നിയോഗിച്ചു കൊണ്ടും 25 ലക്ഷം രൂപ അടിയന്തര സഹായം നിർദേശിച്ചുകൊണ്ടുമുള്ള സുപ്രീംകോടതി ഉത്തരവ്.
രാജ്യത്തെ നടുക്കിയ നിർഭയയുടെ ദുര്യോഗത്തിന് ശേഷം ഇന്ത്യയുടെ ഒരു മകൾ യന്ത്ര സഹായത്തോടെ ശ്വാസം ഉള്ളിലേക്കെടുത്ത് നീതിക്കുവേണ്ടി കേഴുന്പോൾ നമ്മുടെ പ്രതിഷേധങ്ങൾ രാത്രികാലങ്ങളിൽ ഇന്ത്യാ ഗേറ്റിന് ചുറ്റും തെളിക്കുന്ന മെഴുതിരി വെട്ടങ്ങളിലേക്കോ രാം ലീല മൈതാനത്തെ ഉച്ചകളിലേക്കോ വെറും മുദ്രാവാക്യങ്ങൾ മാത്രമായി ചുരുങ്ങാതിരിക്കട്ടെ.
അനക്കമില്ലാതെ അവൾ
ലഖ്നൗവിലെ കിംഗ് ജോർജ് യൂണിവേഴ്സിറ്റി ആശുപത്രിയുടെ മൂന്നാം നിലയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ തോരാത്ത കണ്ണുകളുമായി ഈ അമ്മയുടെയും ബന്ധുക്കളുടെയും കാത്തിരിപ്പ് ഇന്നും ഇങ്ങനെ തന്നെ കടന്നു പോകുന്നു. ഉന്നാവോ പീഡന കേസിലെ ഇരയും പത്തൊന്‍പതുകാരിയുമായ പെണ്‍കുട്ടി ഇന്നും ബോധം തെളിയാതെ വെന്റിലേറ്ററിൽ കഴിയുകയാണ്. കുട്ടിക്കൊപ്പം അപകടത്തിൽ പെട്ട അഭിഭാഷകന്റെ നിലയും ഗുരുതരമായി തന്നെ തുടരുന്നു.
വെന്റിലേറ്ററിൽ കഴിയുന്ന പെണ്‍കുട്ടിക്ക് തീരെ അനക്കമില്ലെന്നാണു ബന്ധു സന്ദീപ് തിവാരി പറഞ്ഞത്. അപകടത്തിൽ ആകെ ഷോക്കിലായി പോയ പെണ്‍കുട്ടിയുടെ ശരീരം മുഴുവൻ പരിക്കുകളാണ്. വലതു നെഞ്ചിലെ പരിക്ക് ഗുരുതരമാണ്. വലത് വശത്തെ കഴുത്തെല്ലിനു ഒടിവുമുണ്ട്.
താടിയെല്ലിനു പൊട്ടലും വലതു തോളെല്ലിന് ഒടിവുമുണ്ട്. പരിക്കുകളുടെ ഗുരുതരാവസ്ഥ കാരണം ആന്തരിക രക്തസ്രാവവും ഉണ്ട്. സിടി സ്കാനിൽ തലയ്ക്ക് പരിക്കുകളിലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ, ഇടിയുടെ ആഘാതത്തിൽ ആന്തരിക പരിക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. ഇതിനോടകം ജീവൻ പിടിച്ചുനിർത്തുന്നതിനായി നിരവധി ചെറിയ ശസ്ത്രക്രിയകൾ നടന്നു കഴിഞ്ഞു.
പെണ്‍കുട്ടിക്കൊപ്പം അപകടത്തിൽ പെട്ട അഭിഭാഷകൻ മഹേന്ദ്ര സിംഗ് കാല് അനക്കിയതിനെ തുടർന്നു വെന്റിലേറ്ററിൽ നിന്നു മാറ്റിയെങ്കിലും വീണ്ടും അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് തിരികെ കയറ്റി. ആശുപത്രി അത്യാഹിത വിഭാഗത്തിന് പുറത്തു പോലീസ് കാവലുണ്ട്. മാധ്യമങ്ങളുടെ പ്രവേശനം കർശനമായി തടഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ മാനഭംഗ കേസിൽ അകത്തു പോയിട്ടും 14 മാസം എടുത്തു ബിജെപി കുൽദീപ് സിംഗ് സെംഗാർ എന്ന ക്രിമിനൽ എംഎൽഎയെ ഒന്നു സസ്പെൻഡ് ചെയ്യാനും തുടർന്നു പാർട്ടിക്കു പുറത്താക്കാനും. അത്രയേറെ കരുത്തനാണ് തിരുവായ്ക്ക് എതിർ വാ ഇല്ലാത്ത വിധം അടക്കി വാഴുന്ന കരുത്തനും ക്രൂരനുമായ ഈ രജപുത്ര നാടുവാഴി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉന്നാവോ ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച ബിജെപി എംപി സാക്ഷി മഹാരാജ് ജയിലിൽ കഴിഞ്ഞിരുന്ന കുൽദീപ് സിംഗിനെ നേരിട്ടു ചെന്നു കണ്ടാണ് സന്തോഷം പങ്കുവച്ചത്. പാർട്ടിയിൽ നിന്നു പുറത്താക്കപ്പെടുന്പോൾ ഉന്നാവോയിലെ ബംഗാർമൗ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് കുൽദീപ് സിംഗ്.
പിതാവ് മുലായം സിംഗിന്റെ ഗ്രാമമായ ഫത്തേപ്പൂരിൽ നിന്ന് കുൽദീപിന്റെ കുട്ടിക്കാലത്താണ് അമ്മയുടെ ഗ്രാമമായ മംഖിയിലേക്ക് താമസം മാറുന്നത്. അറുപത് വർഷമായി കുൽദീപ് സെംഗാറിന്റെ കുടുംബം അടക്കി വാഴുന്ന ഗ്രാമം ആണിത്. 37 വർഷം തുടർച്ചയായി ഗ്രാമമുഖ്യനായിരുന്ന മുത്തച്ഛൻ ബാബു സിംഗിൽ നിന്നാണ് 21 വയസുള്ളപ്പോൾ കുൽദീപ് സിംഗ് അധികാരം കയ്യടക്കി അരങ്ങു വാണു തുടങ്ങുന്നത്. 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ സെംഗാറിന്റെ സഹോദരൻ അതുലിന്റെ ഭാര്യ അർച്ചന സിംഗ് ആണ് ഗ്രാമമുഖ്യ. സെംഗാറിന്റെ ഭാര്യ സംഗീത സിംഗ് ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
കാണ്‍പൂരിലും ഉന്നാവോയിലുമായി വ്യാപിച്ചു കിടക്കുന്ന ജ്വല്ലറികളാണ് സെംഗാർ കുടുംബത്തിന്റെ വ്യാവസായിക അടിത്തറ. യൂത്ത് കോണ്‍ഗ്രസുകാരനായാണ് സെംഗാറിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് നാലു തവണ എംഎൽഎ ആയി. 2002ൽ ബിഎസ്പി ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്. 2007ൽ സമാജ് വാദി പാർട്ടിയോടൊപ്പം നിന്നു മത്സരിച്ചു വിജയിച്ചു. 2012 വീണ്ടും ബിഎസ്പി സ്ഥാനാർഥിയായി വിജയിച്ചു. 2017ൽ ബിജെപിയിൽ ചേർന്ന് താമര ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച് എംഎൽഎ ആയി.
തനിക്ക് വേണ്ടത് ഭീഷണിയിലൂടെയും കൈക്കരുത്തിലൂടെയും നേടിയെടുക്കുകയാണ് കുൽദീപ് സെംഗാറിന്റെ രീതി. ഗ്രാമത്തിൽ എല്ലാവരും ഇയാൾക്ക് വോട്ടു ചെയ്യും. മറിച്ച് ചിന്തിക്കുന്നവരുടെ മനസിലെന്താണെന്ന് പോലും കണ്ടറിഞ്ഞു പ്രതികാരം ചെയ്യുന്നവനാണ് ഇയാൾ എന്ന് ഗ്രാമവാസികൾ അടക്കം പറയും.
2004ൽ ഉത്തർപ്രദേശിൽ അനധികൃത ഖനനത്തിലൂടെയാണ് കുൽദീപും കുടുംബവും പണം സന്പാദിക്കുന്നതെന്ന ആരോപണം ഉയർന്നു വന്നു. ഇത് അന്വേഷിച്ചു ചെന്ന ഡിഎസ്പി രാംലാൽ വർമയുടെ വയറിൽ വെടിവച്ചു വീഴ്ത്തി കുൽദീപിന്റെ സഹോദരൻ അതുൽ സെംഗാർ. പേടിച്ചുപോയ ഡിഎസ്പി തനിക്കു പരാതിയില്ലെന്നു പറഞ്ഞു പിൻവാങ്ങുകയാണു ചെയ്തത്.
2018 ഏപ്രിലിൽ ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛനെ പട്ടാപ്പകൽ മരത്തിൽ കെട്ടിയിട്ട് തല്ലിച്ചതച്ചതും അതുൽ സെംഗാർ ആണ്. ഇതേ തുടർന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മരിക്കുന്നതും.
പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അതുലിന്റെ പേര് വ്യക്തമായി എഴുതി ചേർത്തിരുന്നെങ്കിലും വിധേയൻമാരായ പോലീസുകാർ വിദഗ്ധമായി അതു മായ്ച്ചു കളഞ്ഞു. ഉന്നാവോ കേസുമായി ബന്ധപ്പെട്ട് കുൽദീപ് സിംഗിനൊപ്പം തന്നെ രണ്ടു സഹോദരൻമാരും പ്രതിസ്ഥാനത്തുണ്ട്. കുൽദീപ് സിംഗ് സെംഗാറിനെതിരേ കൊലക്കുറ്റവും ക്രിമിനൽ ഗൂഡാലോചനയും മാനഭംഗ കേസുമാണ് ചുമത്തിയിട്ടുള്ളത്. സഹോദരൻ അതുലിനെതിരേ ഭവനഭേദനത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു. ഇളയ സഹോദരൻ മനോജിനെതിരേ സിബിഐ എഫ്ഐആറിൽ പെണ്‍കുട്ടി ഉൾപ്പെട്ട കാറപകടവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
കരുതിക്കൂട്ടി കാറപകടം
ഉന്നാവോ മാനഭംഗക്കേസിനെ ഇല്ലാതാക്കാൻ കരുതിക്കൂട്ടി ആസൂത്രണം ചെയ്തത് എന്നു വ്യക്തമാക്കും വിധത്തിലാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുന്നത്. അപകടം നടന്ന സമയത്ത് ട്രക്കോടിച്ചിരുന്ന ആഷിഷ് കുമാർ പാലിനെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം നടന്ന സ്ഥലം അപകട മേഖലയല്ലെന്ന് സമീപത്തുള്ള ധാബയിൽ ജോലി ചെയ്യുന്ന ജീവനക്കാർ പറയുന്നു. അടുത്ത് കോളജുള്ളതിനാൽ ഈ പ്രദേശത്തെത്തുന്പോൾ സാധാരണ നിലയിൽ വാഹനങ്ങൾ വേഗം കുറച്ചാണ് പോകാറുള്ളത്. കഴിഞ്ഞ 12 വർഷമായി താനിവിടെ ജോലി ചെയ്യുന്നുണ്ടെന്നും ഇക്കാലയളവിൽ ഇപ്പോൾ നടന്നരിക്കുന്നത് നാലാമത്തെയോ അഞ്ചാമത്തെയോ അപകടം മാത്രമാണെന്നും ഒരു കടയിലെ ജീവനക്കാരൻ പറഞ്ഞു.
അപകടത്തിൽപ്പെട്ട ട്രക്കും കാറും സിബിഐ വിശദമായി പരിശോധിച്ചു. ട്രക്കിൽ നിന്ന് ഡ്രൈവറുടെ വ്യക്തിപരമായ വിവരങ്ങളും കാറിൽ നിന്ന് ഏറെ നിർണായകമാകുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. അതേസമയം ഫോറൻസിക് വിഭാഗത്തിന്റെ നടപടികളെ സിബിഐ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഇതുവരെയായിട്ടും ഫോറൻസിക് അന്വേഷണം നടത്താതിരുന്നതെന്നാണ് സിബിഐ പോലീസിനോട് ചോദിച്ചത്.
രാജ്യം മുനിബയിലൂടെ ചോദിച്ചു
സുരക്ഷാ ബോധവത്കരണവുമായി ബന്ധപ്പെട്ട ക്ലാസിനായി സ്കൂളിലെത്തിയ ഉത്തർപ്രദേശ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനു നേർക്ക് ആനന്ദ് ഭവൻ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായ മുനിബ കിദ്വായിയുടെ ചോദ്യം രാജ്യത്തിനു വേണ്ടിക്കൂടിയായിരുന്നു:
നിങ്ങൾ പറയുന്നു ഞങ്ങളുടെ ശബ്ദമുയരണം പ്രതിഷേധിക്കണം എന്ന്. ബിജെപി നേതാവ് ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്തതിനെക്കുറിച്ച് ഞങ്ങൾക്കറിയാം. ഇപ്പോൾ നടന്നിരിക്കുന്നത് അപകടമല്ലെന്നു എല്ലാവർക്കുമറിയാം. അപകടത്തിനിടയാക്കിയ ട്രക്കിന്റെ നന്പർ കറുത്ത പെയിന്റടിച്ച് മറച്ചിരുന്നു. സംഭവത്തിൽ ഒരു സാധാരണക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതിഷേധിക്കാം.
നടപടിയുണ്ടാകുമെന്നറിയാം. എന്നാൽ, പ്രതിയാക്കപ്പെട്ടവർ ഉയർന്ന പദവിയിലുള്ള ആളാണെങ്കിൽ പ്രതിഷേധിച്ചാലും ഒരു നടപടിയും എടുക്കില്ല. ഉന്നാവോ വിഷയത്തിൽ ഇപ്പോൾ നടപടിയെടുത്തു എന്നു കരുതുക. എന്നാലും വലിയ പ്രയോജനമില്ല. കാരണം ആ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. തങ്ങളുടെ പ്രതിഷേധത്തിൽ പോലീസിന് നീതി ഉറപ്പാക്കാൻ കഴിയുമോ എന്നും മുനിബ ചോദിക്കുന്പോൾ യുപി പോലീസിനൊപ്പം ഇന്ത്യയെന്ന ജനാധിപത്യ രാജ്യവും ഉന്നാവോയിലേക്കു നോക്കി തലകുനിച്ചു നിൽക്കുന്നു.
ഉന്നാവോ സംഭവത്തിന്റെ നാൾവഴികൾ
2014 ജൂണ്‍ 4. അന്നാണ് എല്ലാ സംഭവങ്ങൾക്കും തുടക്കം. ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതം പിച്ചിച്ചീന്തപ്പെട്ടത് അന്നാണ്. ഒരു കുടുംബത്തിന്റെ ദുരിതകാലം തുടങ്ങിയത് അന്നുമുതലാണ്. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്റെ വീട്ടിൽ ആ പെണ്‍കുട്ടിയെ ഒരു സ്ത്രീ എത്തിച്ചത്. പിന്നീട് നടന്നത് മനുഷ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളാണ്. 17 വയസുകാരിയെ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു ജനപ്രതിനിധി പിച്ചിച്ചീന്തി.
ജനസേവകൻ എന്ന പേരിലറിയപ്പെടുന്ന രാഷ്ട്രീയക്കാരന്റെ ക്രൂരമുഖം. തന്റെ കാര്യം കഴിഞ്ഞതോടെ എംഎൽഎ അടുത്ത ഉൗഴം തന്റെ അനുയായികൾക്ക് കൈമാറി. എംഎൽഎ ചെയ്തതുപോലെ, അല്ലെങ്കിൽ ഒരു പക്ഷെ അതിലും ക്രൂരമായി അവരും ആ പെണ്‍കുട്ടിയോട് പെരുമാറി. 11നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിനെ സമീപിക്കുന്നത്. ഒൗറായ എന്ന ഗ്രാമത്തിൽ നിന്ന് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി. പക്ഷെ പോലീസ് എംഎൽഎയുടെയും സഹോദരന്റെയും പേരിൽ കേസെടുക്കാൻ തയാറായില്ല.
ജൂണ്‍ 22. ബിജെപി എംഎൽഎയുടെ പേര് പറയാതിരിക്കാൻ പോലീസ് നിർബന്ധിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഒന്നും സംഭവിച്ചില്ല. ജൂലൈ 3. കുൽദീപ് സിംഗിന്റെയും സഹോദരൻ അതുൽ സിംഗിന്റെയും പേരിൽ എഫ് ഐആർ എടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയയച്ചു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല.
2018 ഫെബ്രുവരി 24ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചു. അതിന്റെ പ്രതികരണം എംഎൽഎ യുടെ സഹോദരൻ അതുൽ സിംഗിന്റെ നേരേ നിന്നുണ്ടായി. പെണ്‍കുട്ടിയുടെ അച്ഛനെ ക്രൂരമായി മർദിച്ചു. അതാണ് പ്രതികരണം. മാത്രമല്ല ആയുധം കൈയിൽവച്ചെന്ന് ആരോപിച്ച് ആ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏപ്രിൽ മൂന്നിനാണ് ഈ സംഭവം നടന്നത്.
ആറു ദിവസത്തിനു ശേഷം പോലീസ് കസ്റ്റഡിയിൽ ആ അച്ഛൻ മരിച്ചു. അല്ല ക്രൂരമായ മർദനത്തിന്റെ ഫലമായി കൊല്ലപ്പെട്ടു. ഏപ്രിൽ 10ന് അതുൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 11ന് മാനഭംഗക്കേസും പെണ്‍കുട്ടിയുടെ അച്ഛന്റെ കസ്റ്റഡിമരണവും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വൈകാതെ കേസ് സിബിഐക്ക് കൈമാറി. ഏപ്രിൽ 13ന് കുൽദീപ് സിംഗിനെ അറസ്റ്റ് ചെയ്തു.
ജൂലൈ ഏഴിന് കേസിൽ ആദ്യത്തെ ചാർജ് ഷീറ്റ് സിബി ഐ തയാറാക്കി. പെണ്‍കുട്ടിയുടെ അച്ഛനെ മർദിച്ചുകൊന്ന സംഭവത്തിലും കേസെടുത്തു. ജൂലൈ 13 കുൽദീപിനും മറ്റ് ഒന്പതുപേർക്കുമെതിരേ സിബിഐ കേസെടുത്തു. ഡിസംബറിൽ വ്യാജ ജനനസർട്ടിഫിക്കറ്റ് തയാറാക്കിയെന്ന് ആരോപിച്ച് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരേ പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തു.
2019 ജൂലൈ 4ന് 19 വർഷം മുന്‍പുള്ള കേസിന്റെ പേരിൽ പെണ്‍കുട്ടിയുടെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. 10 വർഷം തടവിന് ജില്ലാ കോടതി ശിക്ഷവിധിച്ചു. അതുൽ സിംഗിന്റെ പരാതിയിലാണ് പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തത്. ജൂലൈ 28ന് പെണ്‍കുട്ടിയും അമ്മായിമാരും അഭിഭാഷകനുമടങ്ങുന്ന സംഘം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുന്നു. കുൽദീപ് സിംഗ് അടക്കം 29 പേർക്കെതിരേ പോലീസ് കേസെടുക്കുന്നു. 30ന് ഈ കേസും സിബിഐക്ക് കൈമാറുന്നു. ഓഗസ്റ്റ് ഒന്നിന് ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡൽഹി കോടതിയിലേക്ക് മാറ്റുന്നു.
ഇന്നലത്തെ സുപ്രീം കോടതി ഉത്തരവിലെ പ്രധാന നിർദേശങ്ങൾ
- പെണ്‍കുട്ടിക്കു യുപിസർക്കാർ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണം.
- പെണ്‍കുട്ടിക്കും അമ്മയ്ക്കും നാലു സഹോദരങ്ങൾക്കും 24 മണിക്കൂറും സിആർപിഎഫ് സംരക്ഷണം നൽകണം.
- കാർ അപകടക്കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സിബിഐ അന്വേഷണം പൂർത്തിയാക്കണം(കഴിയുമെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ)
- ഉന്നാവോ കേസുകളിൽ സിബിഐ കോടതി 45 ദിവസത്തിനകം പ്രതിദിന വാദം നടത്തി വിചാരണ പൂർത്തിയാക്കണം.
- ആവശ്യമെങ്കിൽ പെണ്‍കുട്ടിയെ വ്യോമമാർഗം ഡൽഹിയിലെത്തിച്ചു മികച്ച ചികിത്സ ഉറപ്പു വരുത്തണം. (കുടുംബത്തിന്റെ അഭിപ്രായം ആരാഞ്ഞ ശേഷം ഇതിന് പ്രത്യേക കോടതി ഉത്തരവ് തേടാം)
- ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ കത്ത് കിട്ടാൻ വൈകിയതിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം.
- റായ്ബറേലിയിൽ ജയിലിൽ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവനെ സുരക്ഷയെ കരുതി പുറത്തേക്ക് മാറ്റണം.(ഈ കേസ് ഇന്നു പരിഗണിക്കും)
- പെണ്‍കുട്ടിയുടെ അഭിഭാഷകനും സുരക്ഷ നൽകണം.
- ജയിലിൽ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവനും കുടുംബത്തിനും സിആർപിഎഫ് സംരക്ഷണം നൽകണം.
- റായ്ബറേലിയിലെ സിആർപിഎഫ് ബറ്റാലിയനോ, റായ്ബറേലിക്കടുത്ത മറ്റ് സിആർപിഎഫ് ബറ്റാലിയനോ സുരക്ഷ ഏറ്റെടുക്കണം. (റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കണം.)