കോട്ടയം: കളക്ടറേറ്റ് വളപ്പിലെ മഴരുചി പെരുമയിൽ എപ്പോഴും നല്ല തിരക്കാണ്. രുചിയേറുന്ന നാടൻ വിഭവങ്ങളാണ് ഇവിടെ വിളന്പുന്നത്. കാച്ചിലും കൂർക്കയും കാന്താരിയും ചേർത്ത പുഴുക്ക്. ഉണക്കുകപ്പയും മുതിരയും ചേർത്ത് വേവിച്ചത്. ചേന്പിൻ താൾ തോരൻ, പത്തില തോരൻ, തേങ്ങാ ചുട്ട ചമ്മന്തി ഇങ്ങനെ പോകുന്നു വിഭവങ്ങൾ.
ആരോഗ്യ സംരക്ഷണത്തിനും നാടൻ രുചിഭേദങ്ങൾ ആസ്വദിക്കാനുമായി ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് വളപ്പിൽ ഒരുക്കിയിരിക്കുന്ന മഴരുചിപെരുമയിൽ നാടൻ രുചികളും ഒൗഷധ ഗുണമുള്ള ഭക്ഷണ പാനീയങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷ്യവിഭവങ്ങൾ തയാറാക്കിയത്. മത്ത, കുന്പളം, തഴുതാമ എന്നിവ ഉൾപ്പെടെ പത്തോളം പച്ചിലകൾ ചേരുന്നതാണു പത്തില തോരൻ. താളപ്പം, ചെറുപയർ മുളപ്പിച്ചത് എന്നീ വൈവിധ്യമാർന്ന വിഭവങ്ങൾ ഭക്ഷണ ശാലയിലുണ്ട്.
തിരുവാതിരപ്പുഴുക്കിനും വിവിധ തരം പായസങ്ങൾ രുചിക്കാനുമാണ് ആവശ്യക്കാരേറെയെത്തുന്നത്. കുന്പളങ്ങ പായസം, അവിൽ പായസം ഈന്തപഴം പായസം, ഞവരകഞ്ഞി, ഉലുവ കഞ്ഞി തുടങ്ങിയ നാട്ടറിവിന്റെ വിവിധ രുചിഭേദങ്ങളും മേളയിലൊരുക്കിയിട്ടുണ്ട്.
കുടുംബശ്രീയുടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘകൃഷി ഗ്രൂപ്പുകളുടെയും വിവിധ സംരംഭ ഗ്രൂപ്പുകളുടെയും മായം ചേരാത്ത വിഷരഹിത വിഭവങ്ങളുടെ ചേരുവയിലാണു തയാറാക്കുന്നതാണ് ഭക്ഷ്യമേളയിലെ വിഭവങ്ങൾ. രാവിലെ 10 മുതൽ ആറു വരെയാണ് ഭക്ഷ്യമേള. നാളെ മേള സമാപിക്കും.
എഡിഎം അലക്സ് ജോസഫ് മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.എൻ. സുരേഷ്, ബിനോയി കെ. ജോസഫ്, പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, ജോബി ജോണ്, പ്രശാന്ത് ശിവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.