പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഡിഐജിക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ജാതിവിവേചനം ഉണ്ടായി എന്നുള്ള ആരോപണത്തിൽ കൂടുതൽ വ്യക്തമായ അന്വേഷണം നടത്തണം. ആത്മഹത്യാക്കുറിപ്പിൽ ജാതിവിവേചനം ഉണ്ടായി എന്ന തരത്തിലുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചിന് പുറമേ എസ്സി-എസ്ടി കമ്മീഷൻ നിർദേശിച്ചതു പ്രകാരമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുമാറിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. കുമാറിന്റെ മരണത്തിനു കാരണക്കാരായ മേലുദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടു ഭാര്യ സജിനിയും കുടുംബാംഗങ്ങളും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു കഴിഞ്ഞ ദിവസം പരാതി നൽകുകയും ചെയ്തിരുന്നു.