കോലഞ്ചേരി: ഇതരസംസ്ഥാനക്കാർ താമസിക്കുന്ന ക്യാന്പിൽ സമാന്തര ബാർ നടത്തിവന്ന ഒഡീഷ സ്വദേശിയെ പുത്തൻകുരിശ് പോലീസ് പിടികൂടി. ജുഗബന്ധു പാണിഗ്രാഹിയെ (36) ആണ് സിഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാളിൽനിന്നു വിവിധ ബ്രാൻഡുകളിലുള്ള 15 ലിറ്റർ മദ്യം പിടിച്ചെടുത്തു.
ചൂണ്ടി രാമമംഗലം റോഡിൽനിന്ന് 50 മീറ്റർ ഉള്ളിലേക്കു മാറിയുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇയാൾ സമാന്തര ബാർ നടത്തിവന്നത്. ബീവറേജ് കോർപറേഷനിൽനിന്നാണ് ഇയാൾ മദ്യം വാങ്ങിയിരുന്നത്. ശനിയും ഞായറുമാണ് പ്രധാന വില്പന. ബാറിൽ നല്കുന്നതു പോലെ പെഗ് അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കു മദ്യം വിറ്റിരുന്നത്.
ഇവിടെനിന്നു മദ്യം സേവിക്കാനെത്തുന്നവർക്ക് വെള്ളവും ടച്ചിംഗ്സും ഫ്രീയാണ്. 50 മുതൽ 100 രൂപ വരെ ഈടാക്കിയായിരുന്നു വില്പന. തൊട്ടടുത്തൊന്നും ബാറില്ലാത്തതിനാൽ അവശ്യക്കാർ ഏറെയുണ്ടെന്നും അവധി ദിവസങ്ങളിൽ 30 ലിറ്റർ വരെ വില്പന നടത്തിയിരുന്നെന്നും ജുഗബന്ധു മൊഴിനല്‍കി.
ഇടദിവസങ്ങളിൽ ബീവറേജ് ഷോപ്പിൽ പോയി മദ്യം വാങ്ങി സൂക്ഷിക്കുകയാണ് ഇയാളുടെ പതിവ്. അന്വേഷണത്തിനു എസ്ഐ ടി.എം. തന്പി, എഎസ്ഐമാരായ ജി. ശശിധരൻ, പി.ബി. സത്യൻ, സീനിയർ സിപിഒ സുരേഷ് കുമാർ, തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.