ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ആംഗൻവാടി വർക്കർ ശ്യാമളയെ ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് മനസികമായി പീഡിപ്പിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് മകൾ ശ്യാമിലി ജില്ലാ ശിശു വികസന ഓഫീസർക്ക് പരാതി നൽകി.കാൻസർ രോഗബാധിതയായി തിരുവനന്ത പുരം ആർ സി സിയിലെ ചികിത്സയിൽ ഇരിക്കുന്ന ശ്യാമളമുൻപ് പുത്തനമ്പലം 15-ാം നമ്പർ ആംഗൻവാടിയിലായിരുന്നു ജോലി ചെയ്തത്.
മൂന്നര വർഷം മുമ്പാണ് 12-ാം നമ്പർ അംഗൻവാടിയിലേക്ക് സ്ഥലംമാറ്റം വാങ്ങി വന്നത്.ഇവിടെ താത്ക്കാലികമായി ജോലി ചെയ്ത് വന്ന ചിലരുടെ താല്പര്യം സുരക്ഷിക്കാനാണ് ഇവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം 22-ാം നമ്പർ ആംഗൻവാടിയിലേക്ക് സ്ഥലം മാറ്റാനും അവിടുത്തെവർക്കറെ ഇവിടേക്ക് സ്ഥലം മാറ്റാനും തീരുമാനിച്ചു.
എന്നാൽ രോഗബാധിതയായ തന്നെ ഒഴിവാക്കണമെന്ന് കേണപേക്ഷിച്ചിട്ടും ബന്ധപ്പെട്ടവർ തയാറാകാതെ സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റാത്തതിന്റെ പേരിൽ സസ്പെൻ്റ് ചെയ്യാൻ നടപടി ആരംഭിക്കുകയുമായിരുന്നു.ഇതിനെ തുടർന്ന് അവശയായ ശ്യാമളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ കേരള ആംഗൻവാടി വർക്കേഴ്സ് ആൻറ് ഹെൽപേഴ്സ് യൂണിയൻ ഐ എൻ റ്റി യു സി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ആംഗൻവാടി വർക്കറെ മാനസികമായി പീഡിപ്പിച്ച് അധികാരം ദുർവിനിയോഗം ചെയ്തവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം വൈ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.ബി കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.