പത്തനംതിട്ട: മകളുടെ പ്രണയത്തെ എതിർത്തതിന്റെ പേരിൽ കാമുകന്റെ മർദനമേറ്റ പിതാവിന്റെ ദുരുഹമരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി പരാതി. ഇലന്തൂർ ഇടപ്പരിയാരം വിജയവിലാസത്തിൽ കുഴിയിൽ സജീവാണ് (55) മർദനമേറ്റു മരിച്ചത്.ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന സജീവിന് മാരകമായി ക്ഷതമേറ്റിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
എന്നാൽ മർദനവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിൽ കേസ് നൽകിയിട്ടില്ലെന്ന പേരിൽ അന്വേഷണം നടത്തേണ്ട ഇലവുംതിട്ട പോലീസ് അട്ടിമറിക്കു കൂട്ടുനിൽക്കുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് പറയുന്നു. വീണ് പരിക്കേറ്റുവെന്നാണ് അന്ന് പറഞ്ഞതെന്നാണ് പോലീസ് ഭാഷ്യം.
എന്നാൽ പ്രതികളെക്കുറിച്ചും സംഭവം സംബന്ധിച്ചും മർദിച്ച വിവരം വിശദമായും സജീവൻ പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.സജീവിന്റെ മകളുടെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ വള്ളിക്കോട് കോട്ടയം സ്വദേശിയും സ്വകാര്യബസ് ഡ്രൈവറുമായ യുവാവും സംഘവും സജീവിനെ മർദിച്ചുവെന്നാണ് ആക്ഷേപം. സുഷുമ്ന നാഡിക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി ക്ഷതമേറ്റതാണ് മരണകാരണമെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച് സജീവിനെ ചികിത്സിച്ച ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു. എന്നാൽ വിശദമായ പോസ്റ്റുമോർട്ടം വരട്ടേയെന്നാണ് പോലീസ് നിലപാട്. ശരീരത്തിൽ ക്ഷതമേറ്റതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ അഭിപ്രായം കൂടി തേടേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.എന്നാൽ കഴിഞ്ഞ 27ന് സജീവിനെ ഭാര്യാവീട്ടിലെത്തിയ സംഘം ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പറയുന്നു. മകളുടെ പ്രണയവുമായി ബപ്പെട്ട വിഷയമായതിനാൽ പരാതി നൽകാൻ മടിച്ചു.
മകളുടെ പ്രണയവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാനാണ് ഗൾഫിലായിരുന്ന സജീവ് അവധിയെടുത്ത് നാട്ടിൽ വന്നത്. മകളെ ബന്ധത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ വാക്കുതർക്കമുണ്ടായി. വീട്ടിലെത്തിയ യുവാവുമായി ഉണ്ടായ വാക്കേറ്റം സംഘർഷത്തിലാണ് കലാശിച്ചത്. ഇടപ്പരിയാരത്തെ വീട്ടിലെത്തിയ യുവാവ് സജീവിനെ അവിടെവച്ചും മർദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
മർദനത്തേ തുടർന്ന് അവശനിലയിലായ സജീവ് കുഴഞ്ഞുവീഴുകയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് വൈക്കത്തെ ആശുപത്രിയിലേക്കു മാറ്റിയത്.ഇതേസമയം അച്ഛൻ മർദിച്ചുവെന്നാരോപിച്ച് മകളും കാമുകനും ചേർന്ന് ആറ·ുള പോലീസ് സ്റ്റേഷനിൽ സജീവിനെതിരെ പരാതി നൽകിയതായും പറയുന്നു.
സജീവിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. സംസ്കാരം ഞായറാഴ്ച 11ന് ഇടപ്പരിയാരത്തെ വീട്ടുവളപ്പിൽ നടക്കും.ഇതിനിടെ സജീവിന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.