വടക്കഞ്ചേരി: ഗോവിന്ദാപുരം-തൃശൂർ റൂട്ടിൽ ഈയിടെ തുടങ്ങിയ കെഎസ്ആർടിസി ചെയിൻ സർവീസുകൾ പെർമിറ്റും ടൈംഷീറ്റും ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി റൂട്ടിലെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിന് കളക്ടർക്ക് നോട്ടീസ് നല്കിയിരിക്കേ സമയക്ലിപ്തതയില്ലാതെ ഓടുന്നത് സ്വകാര്യ ബസുകളാണെന്ന് കെഎസ്ആർടിസി അധികൃതർ.
യാത്രക്കാരുടെ സൗകര്യമാണ് കെഎസ്ആർടിസി ലക്ഷ്യം വയ്ക്കുന്നതെന്നും സ്വകാര്യബസുകൾക്ക് ആധിപത്യമുള്ള റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂടുതൽ വരുന്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് ബസുടമകളിൽനിന്നും ഉണ്ടാകുന്നതെന്നും ഡിടിഒ ഉബൈദ് പറഞ്ഞു. കെഎസ്ആർടിസിയുടെ വടക്കഞ്ചേരി, ചിറ്റൂർ സബ് ഡിപ്പോകളിൽനിന്നായി 22 സർവീസുകളാണ് മേയ് എട്ടുമുതൽ വടക്കഞ്ചേരി, ഗോവിന്ദാപുരം-തൃശൂർ റൂട്ടിൽ സർവീസ് തുടങ്ങിയത്.
പുലർച്ചെ അഞ്ചുമുതൽ ഇരുപതുമിനിറ്റ് വ്യത്യാസത്തിലാണ് കെഎസ്ആർടിസി ബസുകൾ ഇപ്പോൾ ഓടുന്നത്.
പുതിയ ചെയിൻ സർവീസുകൾക്ക് കളക്ഷൻ കുറവുണ്ട്. എന്നാൽ ക്രമേണ അത് ശരിയാകും. ഇപ്പോൾ ഓരോ ബസിനും ശരാശരി എണ്ണായിരത്തിനും ഒന്പതിനായിരത്തിനും ഇടയ്ക്കാണ് കളക്്ഷൻ. ഇത് 12,000 രൂപ മുതൽ 13,000 രൂപവരെ എത്തിയാൽ സർവീസുകൾ ലാഭകരമാണെന്ന് പറയാനാകുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു.
അതേസമയം തോന്നുംമട്ടിൽ കെഎസ്ആർടിസിയുടെ സർവീസ് തുടർന്നാൽ അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് കാട്ടിയാണ് മൂന്നു ബസുടമ സംഘടനകൾ സംയുക്തമായി കഴിഞ്ഞ 30ന് കളക്ടർക്ക് നോട്ടീസ് നല്കിയിട്ടുള്ളത്.
ഏതുസമയവും യാത്രക്കാർ കൂടുതലുള്ള റൂട്ടാണ് തൃശൂർ-ഗോവിന്ദാപുരം റൂട്ട്. ഇതിനാലാണ് റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യബസുകാരും തമ്മിൽ ഇടയ്ക്കിടെ കൊന്പുകോർക്കുന്നത്. മത്സരയോട്ടത്തിൽ വിദ്യാർഥികളാണ് ഇനി ഏറെ ബുദ്ധിലാകുക.