തിരുവനന്തപുരം: സ്വർണപ്പണയത്തിന്മേൽ സബ്സിഡി നിരക്കിലുള്ള കാർഷിക വായ്പ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ കേരളത്തിലെ സ്വകാര്യപണമിടപാടു സ്ഥാപനങ്ങളും ബ്ലേഡ് കൊള്ളപ്പലിശക്കാരും ആഹ്ലാദത്തിമർപ്പിൽ. സ്വർണപ്പണയവുമായി തങ്ങളെ സമീപിക്കാനിരിക്കുന്ന കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ പിഴിയാൻ വഴിയൊരുങ്ങിയതിലാണ് അവരുടെ ആഹ്ലാദം.
കർഷകർ മുതൽ പെൺമക്കളെ കെട്ടിക്കാനുള്ളവർ വരെ പലിശ കുറഞ്ഞ കാർഷിക വായ്പയെ ആശ്രയിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. ഇത് എളുപ്പത്തിൽ കിട്ടിയിരുന്നതുകൊണ്ട് പലരും ബ്ലേഡ് കന്പനികളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ പദ്ധതി രാജ്യമെങ്ങും സാധാരണക്കാർക്ക് വലിയ അനുഗ്രഹമായി മാറിയിരുന്നു.
ബ്ലേഡ് കൊള്ളപ്പലിശക്കാർക്ക് ഇത് വൻ തിരിച്ചടിയായി മാറിയിരുന്നു. ഒക്ടോബർ ഒന്നു മുതൽ ഇത്തരത്തിലുള്ള കാർഷിക വായ്പ നൽകേണ്ടെന്നു കേന്ദ്ര സർക്കാർ തീരുമാനമെടുത്തതായാണ് അറിയുന്നത്. ഇതു സംബന്ധിച്ച ഒൗദ്യോഗിക അറിയിപ്പ് ഉടൻ ബാങ്കുകളിൽ എത്തും.
മന്ത്രിയുടെ പരാതി
നാലു ശതമാനം പലിശനിരക്കിൽ നൽകുന്ന കാർഷിക വായ്പ അനർഹർ കൈപ്പറ്റുന്നതായി സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നതതല സംഘം കേരളത്തിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു കേന്ദ്ര തീരുമാനമെന്നാണ് അറിയുന്നത്.
കർഷകർക്കും ഇനി സ്വർണപണയത്തിന്മേൽ വായ്പ ലഭിക്കണമെങ്കിൽ നടപടിക്രമങ്ങൾ തടസമാകാനിടയുണ്ട്. കർഷകരല്ലാത്ത സാധാരണക്കാർക്കും ഇനി ബാങ്കിലെ ഉയർന്ന പലിശ നല്കുകയോ സ്വകാര്യ പണമിടപാടുകാരെയോ ബ്ലേഡ് മാഫിയയെയോ ആശ്രയിക്കേണ്ടിവരും. ചുരുക്കത്തിൽ എലിയെ പേടിച്ച് ഇല്ലാം ചുട്ട അവസ്ഥയായി.
സ്വർണപ്പണയത്തിന്മേൽ പരമാവധി മൂന്നു ലക്ഷം രൂപ വരെയാണ് ഇപ്പോൾ വായ്പ അനുവദിക്കുന്നത്. ഒന്പതു ശതമാനമാണു പലിശ നിരക്ക്. കൃത്യമായ തിരിച്ചടവുണ്ടെങ്കിൽ അഞ്ചു ശതമാനം പലിശ സബ്സിഡി ലഭിക്കും. ഇതിൽ രണ്ടു ശതമാനം സംസ്ഥാന സർക്കാരിന്റെയും മൂന്നു ശതമാനം കേന്ദ്രസർക്കാരിന്റെയും വിഹിതമാണ്. ഇനിമുതൽ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്കു മാത്രം സബ്സിഡിയുള്ള കാർഷിക വായ്പ അനുവദിച്ചാൽ മതിയെന്നാണു തീരുമാനം. ആധാറുമായി കിസാൻ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കണം.
പ്രതിസന്ധി
കേരളത്തിൽ കാർഷികവായ്പയിൽ സിംഹഭാഗവും സ്വർണപ്പണയത്തിന്മേലുള്ള വായ്പയായിരുന്നു. കർഷകരല്ലാത്തവരും ഈ ആനുകൂല്യം കൈപ്പറ്റുന്നു എന്നായിരുന്നു ആക്ഷേപം. എന്നാൽ, അനർഹർ കൈപ്പറ്റുന്നു എന്നു പറഞ്ഞു വായ്പ തന്നെ ഇല്ലാതാകുന്നതു കേരളത്തിലെ വായ്പാവിതരണ രംഗത്തു പ്രതിസന്ധി സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
കാര്യമായ നടപടിക്രമങ്ങളില്ലാതെ എളുപ്പത്തിൽ കിട്ടുന്ന വായ്പ എന്നതായിരുന്നു ഈ വായ്പയുടെ ആകർഷണം. പണത്തിന് ആവശ്യമുള്ള സാധാരണക്കാർക്ക് ഇതു വലിയ ആശ്വാസവുമായിരുന്നു. കാർഷിക വായ്പയല്ലാതെ സ്വർണപ്പണയത്തിന്മേലുള്ള വായ്പയ്ക്ക് 9.5 ശതമാനം പലിശ നൽകണം.
കിസാൻ ക്രെഡിറ്റ് കാർഡ്
കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പ അനുവദിക്കാൻ ബാങ്ക് ഓഫീസർമാർക്കു മാത്രമേ അധികാരമുള്ളൂ. ഓഫീസർമാരുടെ എണ്ണം വെട്ടിക്കുറച്ച സാഹചര്യത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പകൾ അനുവദിക്കുന്നതിൽ കാലതാമസമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്കു സ്വന്തം പേരിൽ കൃഷിഭൂമി ഇല്ലാത്ത സാഹചര്യത്തിൽ കാർഷിക വായ്പ ലഭിക്കില്ല. ഇവർ ഇപ്പോൾ ആശ്രയിച്ചു വന്നിരുന്നതും സ്വർണപ്പണയത്തിലുള്ള കാർഷിക വായ്പയെ ആയിരുന്നു.
പലിശ സബ്സിഡി ലഭിക്കണമെങ്കിൽ കൃത്യസമയത്ത് വായ്പ അടച്ചുതീർക്കണമെന്നുള്ളതിനാൽ തിരിച്ചടവിൽ വീഴ്ച വരുത്തില്ലെന്നുള്ളതു കൊണ്ടായിരുന്നു ഈ വായ്പ നൽകാൻ ബാങ്കുകൾ താത്പര്യം പ്രകടിപ്പിച്ചിരുന്നത്.
പുതുക്കൽ
നിലവിൽ സ്വർണപ്പണയത്തിൽ വായ്പ എടുത്തിരിക്കുന്നവരുടെ കാര്യത്തിൽ തീരുമാനം എന്തെന്ന് അറിവായിട്ടില്ല. ഇവർക്ക് ഏതായാലും നിലവിലെ വ്യവസ്ഥയിൽ വായ്പ പുതുക്കാൻ കഴിയില്ലെന്ന് ഉറപ്പായി. കൂടിയ പലിശ നിരക്ക് കൊടുക്കേണ്ടിവരും. ഇത്തരം വായ്പ എടുക്കുന്നവരിൽ നല്ലൊരു പങ്കും വായ്പ പുതുക്കി എടുക്കുകയായിരുന്നു പതിവ്.
പലിശ അടച്ചു വായ്പ പുതുക്കിയെടുക്കുന്ന സൗകര്യം സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. കുറഞ്ഞ നിരക്കിലുള്ള കാർഷിക വായ്പകൾ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുന്നതോടെ തത്കാലത്തേക്കെങ്കിലും കേരളത്തിലെ വായ്പാവിതരണത്തിൽ ഇടിവുണ്ടാകുമോ എന്ന് ബാങ്കിംഗ് മേഖലയിലുള്ളവരും ആശങ്കപ്പെടുന്നുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്കു സാധാരണക്കാർ കൂടുതലായി തിരിയുന്നതിനും ഇതു വഴിയൊരുക്കിയേക്കാം.