പത്തനാപുരം : വനത്തിനുളളിലെ ജലാശയങ്ങൾക്ക് കുറുകെ നിർമ്മിച്ച തടയണകൾ തകർന്നിട്ടും നവീകരിക്കാന്‍ നടപടിയില്ല.ഓലപ്പാറ കോട്ടക്കയം തോടിനു കുറുകെ നിർമ്മിച്ച മൂന്നാമത്തെ തടയണ തകർന്നിട്ട് വര്‍ഷങ്ങളാകുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലക്ഷങ്ങൾ മുടക്കി വനം വകുപ്പാണ് അഞ്ച് തടയണകൾ നിർമ്മിച്ചത്.
അച്ചൻകോവിലിൽ നിന്നും ആരംഭിക്കുന്ന തോട് പുനലൂർ മുക്കടവ് ആറ്റിലാണ് പതിക്കുന്നത്.ജലസമൃദ്ധമായ തോട്ടിലെ ജലം തടയണ കെട്ടി സംഭരിച്ച് വന്യമൃഗങ്ങൾക്ക് പ്രയോജനപ്പെടുത്താനും മണ്ണിൽ ആഴ്ന്നിറങ്ങി സമീപത്തെ വൃക്ഷങ്ങൾക്കും മറ്റ് സസ്യങ്ങൾക്കും ഉപയോഗപ്രദമാക്കാനുമാണ് പദ്ധതി നടപ്പിലാക്കിയത്.കെ ബി ഗണേഷ്കുമാർ വനംമന്ത്രിയായിരുന്നപ്പോഴാണ് തടയണ പദ്ധതി നടപ്പിലാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് കോട്ടക്കയം തോട്ടിൽ അഞ്ച് തടയണകൾ നിർമ്മിച്ചതും. എന്നാൽ വേനൽമഴയിലുണ്ടായ ശക്തമായ നീരൊഴുക്ക് കാരണം അണയുടെ അടിഭാഗത്തെ കല്ലുകളും കോൺക്രീറ്റും പൂർണ്ണമായും തകർന്നു.ഇതിനാൽ ജലമിപ്പോൾ തടയണയുടെ അടിയിലൂടെ ഒഴുകി പോവുകയാണ്.അണയുടെ വശങ്ങളിൽ വിളളലുകളും ഉണ്ടായിട്ടുണ്ട്.
നിർമ്മാണത്തിലെ അപാകതയാണ് തടയണയുടെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.തുടർനടപടികളോ നിർമ്മാണവേളയിൽ സന്ദർശനങ്ങളോ നടത്താതെ പൂർണ്ണമായും കരാറുകാരെ പണി ഏൽപ്പിക്കുകയായിരുന്നു.മഴ ശക്തമാകുന്ന സമയം ആയതിനാൽ മറ്റ് തടയണകളും അപകടത്തിലാണെന്ന് നാട്ടുകാർ പറയുന്നു.