നിലന്പൂർ: വഴിക്കടവ് മരുതയിലെ വനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു തണ്ടർബോൾട്ട് പരിശോധന ശക്തമാക്കി. കേരള, തമിഴ്നാട് പോലീസും സംയുക്ത പരിശോധനയാരംഭിച്ചു. വഴിക്കടവ് മരുതയിൽ ടാസ്ക് ഫോഴ്സിന്റെ പരിശോധനക്കിടെയാണ് വെടിയുതിർത്തതെന്നു നാട്ടുകാർ പറയുന്നു.
ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസിലാക്കി വളയാനുളള തമിഴ്നാട് സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ ശ്രമത്തിനിടെയാണ് വെടിയുതിർത്തത്. മരുത കുട്ടിപ്പാറക്ക് സമീപം മാവോയിസ്റ്റ് ക്യാംപ് പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു സംഘം മരുത വഴിയും കേരള പോലീസും തണ്ടർബോൾട്ടും നാടുകാണിയോട് ചേർന്ന സ്ഥലങ്ങളിലും തിരച്ചിൽ തുടരുകയാണ്. ചുരത്തിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 28ന് മാവോയിസ്റ്റുകൾ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാസ്ക് ഫോഴ്സ് വനത്തിൽ പരിശോധന സംഘടിപ്പിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന മേഖലയാണ് മരുതയിലെ ഈ വനപ്രദേശം.
എന്നാൽ, പോലീസ് വെടിയുതിർത്തിട്ടില്ലെന്ന് മലപ്പുറം എസ്പി അറിയിച്ചു. മാവോയിസ്റ്റുകൾ വെടിയുതുർത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.