മലപ്പുറം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെ ചൊല്ലി മുസ്്ലിം ലീഗ് വീണ്ടും പ്രതിരോധത്തിൽ. രാജ്യസഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ മുസ്്ലിം ലീഗ് എംപിയായ പി.വി.അബ്ദുൾ വഹാബ് സഭയിൽ ഇല്ലാതിരുന്നതാണ് പുതിയ വിവാദം.
അബ്ദുൾ വഹാബിന്റെ നിലപാടിനെതിരെ മുസ്്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ നിന്നു തന്നെ വിമർശനമുയർന്നിരിക്കുകയാണ്. മുസ്്ലിം ലീഗിന്റെ ന്യൂനപക്ഷ സ്നേഹം കപടമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതായി പാർട്ടിക്ക് പുറത്തു നിന്നു വിമർശനങ്ങളുയരുന്നുണ്ട്.
മുത്തലാഖ് ബിൽ ലോക്സഭയിൽ ചർച്ചക്കെടുത്തപ്പോൾ മുസ്്ലിം ലീഗ് പ്രതിനിധി പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് നേരത്തെ കടുത്ത വിമർശനമുയർത്തിയതിനു പിന്നാലെയാണ് അബ്ദുൾ വഹാബിനെതിരെയും കുറ്റപ്പെടുത്തലുകൾ ഉയരുന്നത്.
ലോക്സഭയിൽ ചർച്ച നടന്ന ദിവസം പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലയിൽ ഒരു വ്യവസായ പ്രമുഖന്റെ വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയത് ഏറെ വിവാദമുയർത്തിയിരുന്നു. തുടർന്നു രാജ്യസഭയിൽ വോട്ടിംഗിന് മുന്പു നടന്ന ചർച്ചക്കിടെ അബ്ദുൾ വഹാബിന്റെ പേരു വിളിച്ചപ്പോൾ അദ്ദേഹം സഭയിൽ ഉണ്ടായിരുന്നില്ല.
ചർച്ചയിൽ അബ്ദുൾ വഹാബ് പങ്കെടുക്കാതിരുന്നതിനെ വിമർശിച്ച് മുസ്്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് കുടുംബാംഗവുമായ മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു. മുത്തലാഖ് പോലുള്ള സുപ്രധാന വിഷയങ്ങളിൽ പി.വി.അബ്്ദുൾ വഹാബിനു പങ്കെടുക്കാൻ വിഷമമാണെങ്കിൽ അദ്ദേഹം മറ്റുള്ളവർക്കായി വഴി മാറികൊടുക്കണമെന്നു മുഈനലി തങ്ങൾ പറഞ്ഞിരുന്നു. അബ്ദുൾ വഹാബിന്റെ നിലപാട് മുസ്്ലിം സമുദായത്തിന്റെ എതിർപ്പിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പടുത്തി.
മുസ്്ലിം യൂത്ത് ലീഗിൽ നിന്നു ഉയർന്നിട്ടുള്ള വിമർശനം മുസ്്ലിം ലീഗ് നേതൃത്വം ഗൗരവമായാണ് കാണുന്നത്. അതേസമയം കടുത്ത ആരോഗ്യ പ്രശ്നത്തിനിടയിലാണ് താൻ സഭയിലെത്തിയതെന്നും ഏതാനും സമയം മാത്രം പുറത്തിറങ്ങിയപ്പോൾ തന്റെ അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നുമാണ് അബ്ദുൾ വഹാബ് എംപിയുടെ വിശദീകരണം. ഇതേക്കുറിച്ചു വഹാബിനോടു വിശദീകരണം തേടാൻ ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നുവെങ്കിലും വഹാബിന്റെ മറുപടി തൃപ്തികരമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മുത്തലാഖ്: സമസ്ത വീണ്ടും സുപ്രീം കോടതിയിൽ
മലപ്പുറം: ലോക്സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ലിനു പ്രസിഡന്റ് അംഗീകാരം നൽകിയതിനെ തുടർന്നു നിലവിൽ വന്ന മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്്ലിയാർക്കു വേണ്ടി അഡ്വ. പി.എസ് സുൽഫീക്കർ അലിയാണ് പെറ്റീഷൻ ഫയൽ ചെയ്തത്.
ആർട്ടിക്കിൾ 14, 15, 21, 25 പ്രകാരം ഇന്ത്യൻ ഭരണ ഘടന രാജ്യത്തെ പൗരൻമാർക്കു ഉറപ്പു നൽകിയ മതസ്വാതന്ത്ര്യം, തുല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.
സമസ്തക്ക് കീഴിലുള്ള യുവജന വിഭാഗമായ എസ്വൈഎസ് പത്തു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് ഇന്ത്യൻ പ്രസിഡന്റിനു മുന്പാകെ ഭീമഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു. സമസ്തക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കപിൽസിബൽ, സൽമാൻ ഖുർഷിദ്, പി.എസ്. സുൽഫീക്കർ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ സുപ്രീം കോടതിയിൽ ഹാജരാകും.