ആലപ്പുഴ: നാടിനെ നടുക്കിയ കണിച്ചുകുളങ്ങര മോഡൽ ഒറ്റമശേരി ഇരട്ടക്കൊലപാതകത്തിൽ അഞ്ചുപ്രതികളെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ വീതം പിഴയും ഇവർ ഒടുക്കണം.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അനധികൃതമായി സംഘം ചേരൽ, ക്രിമനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. നേരത്തെ മൂന്ന് പ്രതികളെ കോടതി വെറുതെ വെറുതെവിട്ടിരുന്നു.
പട്ടണക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ കാട്ടുങ്കൽ തയ്യിൽ യോഹന്നാന്റെ മകൻ ജോണ്സണ് (40), 19-ാം വാർഡിൽ കളത്തിൽ പാപ്പച്ചന്റെ മകൻ സുബിൻ (ജസ്റ്റിൻ സൈറസ്-27) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ജഡ്ജി സി.എൻ. സീത വിധി പറഞ്ഞത്. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ പട്ടണക്കാട് തയ്യിൽ വീട്ടിൽ പോൾസൻ (33), സഹോദരൻ ടാനിഷ് (37), ചേർത്തല ഇല്ലത്തുവെളി ഷിബു (തുന്പി ഷിബു-48), തണ്ണീർമുക്കം വാരണം മേലോകോക്കാട്ടുചിറയിൽ അജേഷ് (31), സഹോദരൻ വിജേഷ് (34) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പാണാവള്ളി വാത്സല്യം വീട്ടിൽ ബിജുലാൽ (45), പെരുന്പടം മേലാക്കാട് വീട്ടിൽ അനിൽ (41), സഹോദരൻ സനൽകുമാർ (37) എന്നിവരെയാണ് വെറുതെവിട്ടത്.
പ്രതികൾക്ക് താമസസൗകര്യം ഒരുക്കിയ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. 2015 നവംബർ 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടണക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട ജോണ്‍സന്റെ വീട്ടിൽ നടന്ന ഒരു ചടങ്ങിനിടയിൽ അയൽവാസിയായ ടാനിഷ് ഭീരകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെ തുടർന്ന് ടാനിഷും ജോണ്‍സണുമായി പലതവണ സംഘട്ടനമുണ്ടായി.
ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോണ്‍സനേയും സുബിനേയും ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾ ലോറിയിൽ പിന്തുടർന്നശേഷം ഒറ്റമശേരി സെന്റ് പീറ്റേഴ്സ് ബസ് സ്റ്റാൻഡിന് സമീപം വച്ച് ഇടിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ ഇവരുടെ ദേഹത്ത് വാഹനം കയറ്റി മരണം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുന്നതിനിടയിൽ ഇവരുടെ ലോറി മറ്റ് വാഹനങ്ങളിലും തട്ടുകയും കേടാകുകയും ചെയ്തു. പിന്നീട് നാട്ടുകാരാണ് ഷിബുവിനെ പിടികൂടിയത്. ആറുമാസം നീണ്ട കോടതി വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗം 51 സാക്ഷികളേയും പ്രതിഭാഗം രണ്ട് സാക്ഷികളേയും വിസ്തരിച്ചു. 88 രേഖകളും അഞ്ച് തൊണ്ടിസാധനങ്ങളും തെളിവാക്കി.
കുത്തിയതോട് സിഐ കെ.ആർ. മനോജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത, അഡ്വ. പി.പി. ബൈജു, അഡ്വ. എൻ.ജി. സിന്ധു എന്നിവർ ഹാജരായി. വിധിപ്രസ്താവത്തിൽ സംതൃപ്തിയുണ്ടെന്ന് കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.