തൊടുപുഴ: ചെക്കുകേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റി. മുട്ടം സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നത്. ഇന്നലെ കോടതി അവധിയായതിനാലാണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.
സിബിക്ക് നൽകാനുള്ള പണം മുഴുവൻ കൃത്യമായി നൽകിയിട്ടും കൈവശമുള്ള ചെക്ക് ഉപയോഗിച്ച് കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി സിബിയുടെ വീട്ടിലും കുമരകത്തുള്ള റിസോർട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കഴിഞ്ഞ 26 നാണ് വീട്ടമ്മ മുട്ടം പോലീസിൽ പരാതി നൽകിയത്. ഇതിനു മുൻപ് തൊടുപുഴ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നതായി ഇവർ പറഞ്ഞു.
വീട്ടമ്മയുടെ പരാതിയെതുടർന്ന് മുട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും പീഡനം നടന്നെന്ന് പറയപ്പെടുന്ന സിബിയുടെ വീട്ടിലും കുമരകത്തും തെളിവെടുപ്പ് നടത്തുകയും ചെയ്തു.
വീട്ടമ്മയെ കൊണ്ടുപോയ വാഹനം തിരിച്ചറിയുകയും ചെയ്തിരുന്നു. സൈബർ സെൽ വഴി പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് നടത്തിയിരുന്നു. എന്നാൽ പ്രതിയെ കുറിച്ച് വിവരങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ പ്രതിക്ക് ഒളിവിൽ കഴിയാൻ അവസരമൊരുക്കി പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപമുയർന്നു. അന്വേഷണം അട്ടിമറിക്കാൻ ചില രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഇടപെടുന്നെന്നും ആരോപണമുണ്ട്. സാധാരണക്കാരായ എഴുന്നൂറിലേറെ ഇടപാടുകാർക്കെതിരെ മുട്ടം കോടതിയിൽ ഇയാൾ ചെക്ക്കേസുകൾ നൽകിയിട്ടുമുണ്ട്.
ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട് സിബിയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദരേഖയുടെ നിജസ്ഥിതി അറിയാൻ ബാർ അസോസിയേഷനും കഴിഞ്ഞ ദിവസം മുട്ടം പോലീസിൽ പരാതി നൽകി. ഇതിനിടെ ഇയാളുടെ തട്ടിപ്പിനിരയായവരുടെ യോഗം ആക്ഷൻകൗണ്സിലിന്റെ നേതൃത്വത്തിൽ ഇന്ന് രണ്ടിന് തൊടുപുഴ പെൻഷൻ ഹാളിൽ ചേരും.