സുനറ്റ് കെ വൈ
പത്തനാപുരം: കിഴക്കന്‍ മേഖലയുടെ കാര്‍ഷിക മേഖലയെ കീഴടക്കുന്ന കൈതകൃഷി ജീവന് ഭീഷണിയാകുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത്.
അമിത അളവില്‍ നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നുവെന്നതാണ് വ്യാവസായിക അടിസ്ഥാനത്തില്‍ മേഖലയില്‍ കൈതകൃഷി ചെയ്യുന്നവര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ കാരണമായത്. കേരളത്തില്‍ സര്‍വവ്യാപകമായ കൈത ഇവിടെ ഇടവിളയായും, പ്രധാനവിളയായുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടും കാലങ്ങളേറെയെന്നാലും കൃഷി രീതിയിലെ പുതിയ ചില പ്രവണതകള്‍ കൈതച്ചക്ക കൃഷിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
വ്യാവസായിക ലക്ഷ്യത്തോടെ കൈതകൃഷി ആരംഭിച്ചതോടെയാണ് അനാവശ്യപ്രവണതകള്‍ കൈതകൃഷിയില്‍ കടന്നു വരുന്നത്. തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൈതകൃഷി വ്യാപകമായിരിക്കുന്നത്. പാകമായ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ഹെക്ടറുകണക്കിന് തോട്ടങ്ങള്‍ ഏറ്റെടുത്ത് പാട്ടവ്യവസ്ഥയില്‍ കൈതകൃഷി നടത്തുന്ന വന്‍സംഘങ്ങളും മേഖലയില്‍ തമ്പടിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുമാണ് മത്സര ബുദ്ധിയോടെ കൈതകൃഷി രംഗത്തുള്ളത്. റബര്‍ മുറിച്ചുമാറ്റുന്ന തോട്ടങ്ങളില്‍ റബര്‍ തൈകള്‍ നട്ട് മൂന്നര മുതല്‍ ആറ് വര്‍ഷം വരെയുള്ള പരിപാലനം ഇവര്‍ ഏറ്റെടുക്കുകയാണ് പതിവ്. ഇക്കാലത്ത് ഭൂമിയില്‍ കൈതകൃഷിയും നടക്കും.
തൈനടീലും പരിപാലനവുമൊന്നും ഭൂവുടമ അറിയേണ്ട കാര്യമില്ല എന്നതിനാല്‍ അധികമാളുകളും ഇത്തരം സംഘങ്ങളെ ആശ്രയിക്കുകയാണ് പതിവ്. വിദേശരാജ്യങ്ങളിലേക്കുള്‍പ്പെടെ കയറ്റി അയക്കപ്പെടുന്നതും, വലിയ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടുമാണ് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിയിറക്കുന്നത്. വലിയ ലാഭമാണ് ഇതിനു പിന്നിലുള്ളത്.
നിരോധിക്കപ്പെട്ടതുള്പ്പെടെയുള്ള കീടനാശിനികള്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് ഇവിടങ്ങളില്‍ ഉപയോഗിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.സ്ഥിരമായി മരുന്ന് തളിക്കുന്നതിനായി ഇവിടങ്ങളില്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മേഖലയില്‍ പിറവന്തൂര്‍, പത്തനാപുരം, തലവൂര്‍, വിളക്കുടി പഞ്ചായത്തുകളിലും പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലും ഉള്‍പ്പെടെ കൈതകൃഷി വ്യാപകമാണ്. ഒന്നിച്ച് കായ്ക്കാനും വിളയാനുമായി ഉപയോഗിക്കുന്ന കീടനാശിനികളധികവും നിരോധനമുള്ളവ പേരു മാറ്റിയെത്തുന്നവയാണ്.
തമിഴ്നാട്ടില്‍ നിന്നുമെത്തിക്കുന്ന ഇവയിലധികവും ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. മിക്കവയും ഓണ്‍ലൈന്‍ വഴിയും വാങ്ങുന്നുണ്ട്. കാര്‍ബോബുറാന്‍ ത്രീ ജി, മോണോക്രോട്ടോഹോസ്, ഫോറേറ്റ്, കളനാശിനിയായ പാരക്കോട്ട് തുടങ്ങിയവ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പനയ്ക്കുള്ളവയാണ്. ഒരിക്കല്‍ തളിച്ചാല്‍ പോലും വര്‍ഷങ്ങളോളം മണ്ണില്‍ വീര്യം നിലനില്‍ക്കുന്ന മാരകമായ വിഷങ്ങളാണെന്നും ചിലര്‍ പറയുന്നു.
ജനിതക വൈകല്യങ്ങളുള്പ്പെടെ സൃഷ്ടിക്കാന്‍ കെല്പ്പുള്ളവയാണിവയെന്നും ആക്ഷേപമുണ്ട്. ശരീരം മൂടുന്ന ഓവര്‍കോട്ട്, മുഖംമൂടി, കണ്ണുകള്‍ മൂടത്തക്കവിധമുള്ള കണ്ണട, കൈയുറ എന്നിവ ധരിച്ചുകൊണ്ടുവേണം കീടനാശിനി പ്രയോഗിക്കേണ്ടതെന്നിരിക്കലും ഒരു സുരക്ഷയുമില്ലാതെയാണ്.
അനുവദനീയമായ കീടനാശിനികള്‍ പോലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിശ്ചിത ശതമാനം വെള്ളത്തില്‍ കലര്‍ത്തി തളിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിരോധിത കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇത്തരം ഇടങ്ങളില്‍ ഒരു പരിശോധകരും കടന്നുവരാറില്ല എന്നതും വാസ്തവമാണ്.