സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മദ്യപിച്ചു വാഹനം ഓടിച്ച ഐഎഎസ് ഉന്നതനായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പോലീസിന്റെ കള്ളക്കളി. മദ്യപിച്ചെന്ന് ഉറപ്പാക്കാനുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ പോലീസ് തയാറായില്ല. മാത്രവുമല്ല, പോലീസ് നടപടിയെ ന്യായീകരിക്കാൻ സിറ്റി പോലീസ് അഡീഷണൽ കമ്മീഷണർ അടക്കം ശ്രമിക്കുകയും ചെയ്തു.
കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തായ വഫ ഫിറോസിന്റെ മൊഴി പോലും രേഖപ്പെടുത്താതെ വിട്ടയയ്ക്കാനും ശ്രമിച്ചു. പിന്നീട് ഇവരാണു അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നതെന്നു സ്ഥാപിക്കാനും പോലീസ് ശ്രമിച്ചെങ്കിലും മാധ്യമ പ്രവർത്തകരുടെ ഇടപെടലിന് ഒടുവിൽ പത്തു മണിക്കൂറിനു ശേഷമാണു പോലീസ് രക്ത പരിശോധനയ്ക്കു തയാറായത്.
അപകടത്തിനു പത്തു മണിക്കൂറിനു ശേഷം രക്തത്തിൽ ആൾക്കഹോളിന്റെ അളവ് ഇല്ലാതായപ്പോഴാണ് രക്ത സാന്പിളെടുത്ത് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ പരിശോധനയ്ക്കു പോലീസ് അയച്ചത്. കേസിൽ നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള എല്ലാ പഴുതുകളും പോലീസ് ഒരുക്കി.
വെള്ളിയാഴ്ച രാത്രി 12.55ന് മ്യൂസിയം സ്റ്റേഷന്റെ സമീപത്തായിരുന്നു അപകടം. സംഭവസ്ഥലത്ത് നിമിഷങ്ങൾക്കകം എത്തിയ പോലീസ്, ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതോടെ കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങി.
സിറ്റി പോലീസിന്റെ ഉന്നതന്റെ നിർദേശപ്രകാരം ഐഎഎസുകാരന്റെ വനിതാ സുഹൃത്തിനെ ഊബർ ടാക്സി വരുത്തി വീട്ടിലേക്ക് അയച്ചു. മ്യൂസിയം സ്റ്റേഷനിൽ വനിതാ പോലീസ് ഇല്ലത്തതിനാലാണെന്നായിരുന്നു വിശദീകരണം. കാറോടിച്ചത് വഫാ ഫിറോസാണെന്നാണ് ആ സമയത്ത് ശ്രീറാം പോലീസിനോട് പറഞ്ഞത്. എന്നിട്ടും ഇവരെ വിട്ടയച്ചത് വൻ വീഴ്ചയായി.
ബഷീറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയശേഷം, കൈയ്ക്ക് പരിക്കുണ്ടായിരുന്ന ശ്രീറാമിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേഹപരിശോധന നടത്താൻ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ രാകേഷ് വെളിപ്പെടുത്തി. ശ്രീറാമിനെ മദ്യം മണക്കുന്നുണ്ടായിരുന്നെന്ന് മ്യൂസിയം ക്രൈം എസ്ഐ കേസ് ഷീറ്റിലെഴുതിയിട്ടും രക്തസാന്പിൾ ശേഖരിക്കാൻ പോലീസ് ആവശ്യപ്പെട്ടില്ല.
രക്തപരിശോധനയ്ക്ക് പ്രതിയുടെ സമ്മതം വേണമെന്നും കൈയ്ക്ക് മുറിവേറ്റതിനാൽ രക്തസാന്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചെന്നുമാണ് സിറ്റി പോലീസ് അഡീഷണൽ കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞത്. ക്രൈംനന്പർ ഇല്ലാതിരുന്നതിനാൽ രക്തപരിശോധന നടത്തണമെന്ന് ഡോക്ടർക്ക് നിർബന്ധിക്കാനായില്ല. പക്ഷേ, ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ ഫയലിലെഴുതിയതോടെ പോലീസിന്റെ ഒത്തുകളിക്ക് തിരിച്ചടിയായി.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ശ്രീറാം സ്വകാര്യാശുപത്രിയിലേക്കാണ് പോയത്. ഇത് പോലീസ് തടഞ്ഞില്ല. രക്തസാന്പിൾ ശേഖരിക്കണമെന്ന് സ്വകാര്യ ആശുപത്രിയോട് പോലീസ് ആവശ്യപ്പെട്ടില്ല. വഫ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറയുന്നു. വിശദമായി ചോദ്യംചെയ്തപ്പോൾ കാറോടിച്ചത് താനല്ല, ശ്രീറാമാണെന്നും അയാൾ മദ്യലഹരിയിലായിരുന്നെന്നും വഫ ഫിറോസ് വെളിപ്പെടുത്തി.
ഇത്രയുമായിട്ടും ശ്രീറാമിന്റെ രക്തപരിശോധനയ്ക്ക് പോലീസ് തയാറായില്ല. രക്തമെടുക്കാൻ ശ്രീറാമിന്റെ അനുമതിയില്ലെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നുമാണ് പോലീസ് ഉന്നതരുടെ ന്യായം. മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിനേയും പോലീസ് മേധാവിയേയും ബന്ധപ്പെട്ട ശേഷമാണ് ശ്രീറാമിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യാനും രക്തസാന്പിൾ ശേഖരിക്കാനും പോലീസ് തയാറായത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഡിസിപിയുടെ സംഘം സ്വകാര്യ ആശുപത്രിയിലെത്തി രക്തസാന്പിൾ ശേഖരിച്ചത്.കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക്സാക്ഷികളായ രണ്ട് ഓട്ടോഡ്രൈവർമാർ വെളിപ്പെടുത്തിയെങ്കിലും പോലീസ് ഇവരെ ഓടിച്ചുവിട്ടതായും ആരോപണമുയർന്നിട്ടുണ്ട്.