മൂന്നാർ: ഒറ്റ ദിവസംകൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാവില്ലെന്ന് അറിയാമെങ്കിലും ലക്ഷ്യങ്ങളെക്കുറിച്ചും അതിനായി സഞ്ചരിക്കേണ്ട വഴികളെക്കുറിച്ചും ഉറച്ച ബോധ്യമുണ്ടെന്നു ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞിരുന്നു.
എന്നാൽ, ഒറ്റ ദിവസം സഞ്ചരിച്ച വഴിയിൽ സംഭവിച്ച അപകടത്തിലൂടെ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ലക്ഷ്യങ്ങളെക്കുറിച്ചു ബോധമുണ്ടായിരുന്ന അവസ്ഥയിൽനിന്ന് എല്ലാ ബോധവും നശിച്ച അവസ്ഥയിലേക്കുള്ള പതനം. പ്രശസ്തിയുടെ കൊടുമുടിയിൽനിന്നുമാണ് അതിവേഗം കുപ്രസിദ്ധിയുടെ ഇരുളിലേക്ക് ഇടിച്ചുകയറിയത്. ദേവികുളം സബ് കളക്ടർ ആയിരിക്കെയായിരുന്ന പ്രശസ്തിയുടെ ഉന്നതങ്ങളിലേക്കു ശ്രീറാം നടന്നു ചെന്നതെങ്കിലും അന്നും വിവാദങ്ങൾ ശ്രീറാമിനെ പിന്തുടർന്നിരുന്നു.
ദേവികുളം ആർഡിഒ ആയിരുന്ന സുബിൻ സമീദിന്റെ പിൻഗാമിയായി 2016 ജൂണിലാണ് ദേവികുളം സബ് കളക്ടറായി ശ്രീറാം ചുമതലയേറ്റത്. ചുമതലയേറ്റതു മുതൽ സ്വീകരിച്ച നടപടികളുടെ പേരിൽ എന്നും വിവാദങ്ങൾ ഒപ്പം ചേർന്നു.
2016 ഒക്ടോബറിൽ വട്ടവടയിൽനിന്നു മടങ്ങുംവഴി ചിലന്തിയാറിലെ ആദിവാസികൾ തടഞ്ഞുവച്ചതാണ് ആദ്യസംഭവം. കുടിവെള്ളമില്ലാത്തതിന്റെ പേരിലാണ് ആദിവാസികൾ തടഞ്ഞത്. ഇതു വാർത്തയായതോടെയാണ് ശ്രീറാം ശ്രദ്ധ നേടിത്തുടങ്ങിയത്.
2017 ജനുവരിയിൽ മൂന്നാറിലെ പാർട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന ഇക്കാനഗറിൽ സർവേ നന്പർ 62/9 ൽപെട്ട അനധികൃത കെട്ടിടനിർമാണം തടഞ്ഞതു വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. 2017 ജനുവരി 12നു നടന്ന സംഭവത്തിൽ എംഎൽഎ അടക്കമുള്ളവർ എതിർപ്പുമായി രംഗത്തുവന്നു. തുടർന്ന് എംഎൽഎയുടെ ശക്തമായ താക്കീതിന് ഇരയാവുകയും ചെയ്തു.
മൂന്നാറിൽനിന്ന് ഉദ്യോഗസ്ഥർ മടങ്ങുന്നതു രണ്ടു കാലിൽ ആയിരിക്കുകയില്ലെന്നും ഇഴഞ്ഞായിരിക്കും മടങ്ങേണ്ടി വരികയെന്നും എംഎൽഎ പറഞ്ഞതു ശ്രീറാമിനെ ഉദ്ദേശിച്ചായിരുന്നു.
മാർച്ച് 14ന് പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിനു സമീപം പാറകൾ അടർന്നുവീണതിനെത്തുടർന്ന് റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയതോടെ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ അപ്രീതിക്കു പാത്രമായി.
എന്നാൽ, എതിർപ്പുകളും വെല്ലുവിളികളും കൂട്ടാക്കാതെ തുടർന്നും മുന്നോട്ടു പോയതോടെ സബ് കളക്ടറെ മാറ്റണമെന്നു പരസ്യമായി ആവശ്യപ്പെട്ടു സിപിഎം രംഗത്തെത്തി. പള്ളിവാസലിൽ നിർമാണത്തിലിരിക്കുന്ന 52 റിസോർട്ടുകളുടെ നിർമാണം അനധികൃതമാണെന്നു കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകിയതോടെ രാഷ്ട്രീയനേതൃത്വത്തിനു തികച്ചും അനഭിമതനായി. പ്രശ്നങ്ങൾ രൂക്ഷമായതോടെ ഭരണകക്ഷിതന്നെ സമരവുമായി രംഗത്തെത്തുന്ന അസാധാരണ സാഹചര്യമുണ്ടാവുകയും ചെയ്തു.
2017 മാർച്ച് ഏഴിന് ഭരണകക്ഷിയിലെ കർഷക സംഘടനയുടെ പേരിലായിരുന്നു സമരം. നാളുകൾ നീണ്ട സമരത്തിനിടയിൽ വി.എസ് ഭരണകാലത്ത് ഒഴിപ്പിക്കലിനായി നിയോഗിച്ച ദൗത്യസംഘത്തലവൻ കെ. സുരേഷ്കുമാർ മൂന്നാറിലെത്തിയപ്പോൾ ശ്രീറാമിന്റെ ഒൗദ്യോഗിക വാഹനം ഉപയോഗിച്ചതും വിവാദത്തിനിടയാക്കി. സുരേഷ്കുമാർ സഞ്ചരിക്കുന്പോൾ നാട്ടുകാർ വാഹനം തടയുകയും ചെയ്തിരുന്നു.
ഏപ്രിൽ 20ന് സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിൽ മലമുകളിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുനീക്കിയത് സർക്കാർ തലത്തിലും വലിയ വിവാദമായിരുന്നു. പുലർച്ചെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുരിശു പൊളിച്ചു നീക്കിയതു വ്യാപക പ്രതിഷേധത്തിനിടയാക്കി. വിശ്വാസീ സമൂഹത്തിനു വേദനയുണ്ടാകാത്ത വിധത്തിൽ കുരിശു നീക്കം ചെയ്യാൻ നിരവധി മാർഗങ്ങൾ ഉണ്ടായിരുന്നെങ്കിലും മണ്ണുമാന്തി ഉപയോഗിച്ചു കുരിശു വലിച്ചിടുകയും അതിനു മാധ്യമങ്ങളെ സാക്ഷിയാക്കുകയും ചെയ്തതാണ് വൻ വിവാദമായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സബ് കളക്ടറെ വിളിച്ചു താക്കീതും ചെയ്തു.
മാധ്യമങ്ങളെയുംകൂട്ടി പുലർച്ചെ നടത്തിയ ഒഴിപ്പിക്കൽ സംശയത്തിനിടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു സ്ഥലത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞയും വലിയ ചർച്ചയ്ക്കിടയാക്കി.