ഫ്ളോറിഡ: ട്വന്റി20 ക്രിക്കറ്റിൽ റിക്കാർഡ് നേട്ടവുമായി ഇന്ത്യൻ താരം രോഹിത് ശർമ. രാജ്യാന്തര ട്വന്റി20 യിൽ ഏറ്റവുമധികം സിക്സർ അടിച്ച കളിക്കാരൻ എന്ന നേട്ടമാണ് വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ രോഹിത് പേരിൽ എഴുതിയത്.
വെസ്റ്റ്ഇൻഡീസിന്റെ ക്രിസ് ഗെയ്ലിനെയാണു നേട്ടത്തിൽ രോഹിത് മറികടന്നത്. 58 കളികളിൽ 105 സിക്സറുകളുമായി ഗെയിലായിരുന്നു ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്. 11-ാം ഓവറിൽ സുനിൽ നരേനെ രണ്ടാം സിക്സറിനു പറത്തിയതോടെ രോഹിതിന്റെ സിക്സർ നേട്ടം 106 ആയി. ഒരു സിക്സർ കൂടി പറത്തിയാണ് രോഹിത് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
96 ട്വന്റി20 മത്സരങ്ങളിൽനിന്ന് 107 സിക്സറുകളാണ് ഇതുവരെ രോഹിത് അടിച്ചുകൂട്ടിയിട്ടുള്ളത്. മാർട്ടിൻ ഗുപ്റ്റിൽ (103), കോളിൻ മണ്‍റോ (92), ബ്രണ്ടൻ മക്കല്ലം (91) എന്നിവരാണു സിക്സർ വേട്ടയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ. ഏകദിനത്തിലും രോഹിതാണ് ഇന്ത്യയുടെ സിക്സർ വീരൻ. ട്വന്റി20 യിൽ ഏറ്റവുമധികം റണ്‍സെടുത്ത റിക്കാർഡും രോഹിതിനാണ്.