ലക്നോ: ഉന്നാവോ പെണ്‍കുട്ടിക്കായി പ്രാർഥിച്ച് കേസിൽ ആരോപിതനായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ. സീതാപുർ ജയിലിനു പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പെണ്‍കുട്ടി രക്ഷപ്പെടാനായി പ്രാർഥിക്കുന്നു എന്ന് സെൻഗാർ പറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സെൻഗാർ പറഞ്ഞു.
ഉന്നാവോ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി നിർദേശപ്രകാരം ഡൽഹിയിലേക്കു മാറ്റിയിരുന്നു. വിചാരണയ്ക്കായി സെൻഗാറിനെ ഡൽഹിയിലേക്കു കൊണ്ടുപോകും മുന്‍പാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സെൻഗാറിനെ ചോദ്യം ചെയ്തിരുന്നു.
എംഎൽഎയ്ക്കെതിരേ പരാതി നൽകിയ പെണ്‍കുട്ടി വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളായതായാണു മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിനു പിന്നിൽ സെൻഗാർ ആണെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഇതേതുടർന്ന് പെണ്‍കുട്ടി അയച്ച കത്തു പരിഗണിച്ച് സുപ്രീംകോടതി കർശന നടപടിക്കു നിർദേശിച്ചിരുന്നു.
എംഎൽഎയ്ക്കും മറ്റു പത്തു പേർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, അപകടത്തിലെ ദുരൂഹത വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നന്പർ മറച്ചത് അപകടത്തിന് തൊട്ടുമുന്‍പാണെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. ഇടിച്ച ട്രക്കിന്റെ നന്പർ കറുത്ത പെയിൻറ് ഉപയോഗിച്ച് മറച്ചിരുന്നു. ട്രക്ക് ഡ്രൈവറെയും ക്ലീനറെയും സിബിഐ സംഘം ചോദ്യം ചെയ്യുകയാണ്.