പത്തനംതിട്ട: മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുമായി സർക്കാർ സംവിധാനങ്ങൾ.ഇതിനു മുന്നോടിയായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അവ ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും വ്യക്തമാക്കി വിപുലമായ ബഹുജന കാന്പെയ്ന് ഹരിതകേരളം മിഷന് സംഘടിപ്പിക്കും. മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കും വിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യ സംസ്കരണം നടത്തിയാലുള്ള നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. രാജേഷ് പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ക്ക് നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പിഴ ഈടാക്കുന്നതിലും ശിക്ഷ ഉറപ്പാക്കാനായി നിയമനടപടികള്‍ സ്വീകരിക്കുന്നതിലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തി ശിക്ഷ ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്ഥാപനതലം മുതല്‍ ഉള്ളവര്‍ക്ക് കിലയും ഹരിതകേരളം മിഷനും സംയുക്തമായി ഹരിതനിയമ ബോധവത്കരണ കാന്പെയ്ൻ സംഘടിപ്പിക്കും. ആദ്യ ഘട്ടത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കുമാണ് പരിശീലനം നല്‍കുക. തുടര്‍ന്ന് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.
തദ്ദേശസ്വയംഭരണ സ്ഥാപനതല അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കും മലയാലപ്പുഴ കുടുംബശ്രീ അമനിറ്റി സെന്ററില്‍ നാളെ നടക്കുന്ന പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിക്കും. ഏഴിന് നടക്കുന്ന രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. അസിസ്റ്റന്റ് സെക്രട്ടറിമാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കുമുള്ള പരിശീലനം എട്ട്, ഒന്‍പത്, 12,13 തീയതികളില്‍ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭക്ഷ്യസുരക്ഷ, പോലീസ്, നഗരകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശീലനം.
ജില്ലാതല പരിശീലനത്തിനു ശേഷം ബ്ലോക്കുതലത്തില്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും തുടര്‍ന്ന് വാര്‍ഡുതലത്തില്‍ പൊതുജനങ്ങള്‍, വ്യാപാര വ്യവസായ സംഘടനകള്‍, ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയനുകള്‍ എന്നിവരെ കേന്ദ്രീകരിച്ചും സ്കൂളുകളിലും കോളജുകളിലും എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട്, എസ്പിസി എന്നിവയുടെ നേതൃത്വത്തിലുമാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു വാര്‍ഡില്‍ നിന്ന് 50 മുതല്‍ 100 വരെ ആളുകള്‍ക്ക് ഹരിതനിയമങ്ങളെ കുറിച്ചുള്ള പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ശക്തമായ ശിക്ഷകള്‍ ഉറപ്പാക്കുന്ന നിരവധി നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടെങ്കിലും പലപ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ ഇത് നടപ്പാക്കാത്തത് നിമിത്തം നിയമ ലംഘനങ്ങള്‍ വ്യാപകമാകുന്ന സ്ഥിതിയുണ്ട്. സാമൂഹിക തിന്മകള്ക്കെതിരെ പ്രതികരിക്കുന്ന പൊതുസ്വഭാവമുള്ള റസിഡന്റ്സ് അസോസിയേഷനുകളും കലാസാംസ്കാരിക സംഘടനകളും ഉള്‍പ്പെടെയുള്ളവ മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ ഇടപെടുന്ന സ്ഥിതി ഉണ്ടാകണമെങ്കില്‍ അവര്‍ക്ക് ഇത്തരം നിയമങ്ങള്‍ സംബന്ധിച്ചും അവയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള സഹായ സംവിധാനങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും ഹരിതമിഷൻ കേരളം അധികൃതർ പറഞ്ഞു.