ഗാന്ധിനഗർ: മെഡിക്കൽ ബില്ലിനെതിരേ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും നടത്തി വരുന്ന സമരം വ്യാഴാഴ്ച ശക്തമാക്കും. അന്ന് അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചു കൊണ്ട് സമരം നടത്തുവാനാണ് തീരുമാനം. ഇത് രോഗികളെ ഗുരുതരമായി ബാധിക്കും. അപകടത്തിൽപ്പെട്ടും മറ്റും എത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് ചികിത്സ നിഷേധിച്ചാൽ അത് വൻ പ്രത്യാഘാതമുണ്ടാക്കാനാണ് സാധ്യത.
മെഡിക്കൽ ബില്ലിനെതിരെ ദേശീയ തലത്തിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. ഇന്നു മുതൽ ക്ലാസ് ബഹിഷ്കരിച്ചു കൊണ്ടുള്ള സമരപരിപാടി ആരംഭിക്കും. സമരത്തിന് അധ്യാപകരുടെ പിന്തുണള്ളയുളളതിനാൽ പഠനത്തെ സമരം ബാധിക്കാതിരിക്കുവാൻ ശ്രദ്ധയുണ്ട്.
ബിൽ രാജ്യസഭയിൽ ഭേദഗതി ഉണ്ടായതിനാൽ ഇനി ലോക്സഭയിൽ എത്തുന്പോൾ കേരളത്തിലെ എം.പി മാർ. ബില്ലിനെ എതിർക്കുന്നതോടൊപ്പം ആവശ്യമായ ഭേദഗതി നിർദ്ദേശിക്കണമെന്നും സമരത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതാക്കൾ പറയുന്നു.
പുതിയ ബില്ലിലൂടെ ഭാവിയിൽ ആരോഗ്യരംഗത്ത് ഗുരുതര പ്രതിസന്ധിയുണ്ടാകുന്നതോടൊപ്പം ഡോക്ടർമാരുടെയും നിലനിൽപ്പ് അപകടത്തിലാകുമെന്നതിനാൽ പുതിയ ദേശീയ മെഡിക്കൽ ബില്ലിലെ വിവാദമായ ഭാഗ ങ്ങൾ ഒഴിവാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.