എന്തു കൊണ്ട് ജമ്മുകാഷ്മീരിന് പ്രത്യേക പദവി ? ഭരണഘടനയിലെ 35എ, 370 അനുച്ഛേദങ്ങള്‍ എടുത്തു മാറ്റുമ്പോള്‍…

കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദവും ജമ്മുകാഷ്മീരിലെ സ്ഥിരതാമസവുമായി ബന്ധപ്പെട്ട 35എ അനുച്ഛേദവും എടുത്തു കളയുന്നതോടെ എന്താണ് ഈ വകുപ്പുകള്‍ എന്നറിയേണ്ടതുണ്ട്. ആദ്യം അറിയേണ്ടത് സുപ്രധാനമായ 370-ാം വകുപ്പിനെപ്പറ്റിത്തന്നെയാണ്. അതിനായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തേക്ക് സഞ്ചരിക്കേണ്ടി വരും. ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ ലയന ഉടമ്പടി പ്രകാരം നാട്ടുരാജ്യങ്ങള്‍ പാക്കിസ്ഥാനിലും ഇന്ത്യയിലുമായി ചേര്‍ന്നു.

എന്നാല്‍ ജമ്മു കാഷ്മീരിലെ ഹിന്ദുമത വിശ്വസിയായ മഹാരാജ ഹരിസിംഗിന് സ്വതന്ത്രമായി നില്‍ക്കാനായിരുന്നു താല്‍പര്യം. മുസ്ലിങ്ങള്‍ ധാരാളമുള്ള മേഖലയായിരുന്നതിനാല്‍ കാഷ്മീര്‍ തങ്ങളുടെയൊപ്പം ചേരുമെന്നായിരുന്നു പാകിസ്ഥാന്റെ വിശ്വാസം. എന്നാല്‍ കാര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടക്കാത്തതിനെത്തുടര്‍ന്നു ഗോത്ര വര്‍ഗക്കാരായ റസാകര്‍ സേനയെ പാക്കിസ്ഥാന്‍ ഇളക്കി വിട്ടു.

ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തിന്റെ നല്ലൊരു ഭാഗം കയ്യടക്കിയപ്പോള്‍ രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍ ഇതിനോട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുഖം തിരിച്ചു. കാരണം ജമ്മു കാഷ്മീര്‍ മറ്റൊരു രാജ്യമാണ്. ഇന്ത്യന്‍ സേനയെ അങ്ങോട്ട് അയയ്ക്കുന്നതു മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമാണ്. നില്‍ക്കക്കള്ളിയില്ലാതെ ഒടുവില്‍ രാജാവിന് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പിടേണ്ടി വന്നു. അങ്ങനെ സാങ്കേതികമായി ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമായി.

ഭരണഘടനാ രൂപീകരണ സമയത്ത് ഇന്ത്യയില്‍ ചേര്‍ന്ന നാട്ടുരാജ്യങ്ങളുടെ ഭരണഘടന എന്തായിരിക്കണമെന്നു ഭരണഘടനാ നിര്‍മാണസഭ ചര്‍ച്ച ചെയ്തു. എല്ലാ നാട്ടുരാജ്യങ്ങള്‍ക്കും ഒരു ഭരണഘടന മതിയെന്നും അധികാരങ്ങള്‍ ഫെഡറല്‍ സമ്പ്രദായത്തില്‍ വേര്‍തിരിച്ചു രേഖപ്പെടുത്തണമെന്നും തീരുമാനിച്ചു. ‘ഇന്ത്യ ഈസ് എ യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ്’ എന്ന പ്രഖ്യാപനമുണ്ടായി. അപ്പോഴും ജമ്മു കശ്മീരുമായുള്ള ഇന്ത്യയുടെ ബന്ധം വ്യത്യസ്തമായി തുടര്‍ന്നു. കാരണം ലയന ഉടമ്പടിയില്‍ ഇന്ത്യയ്ക്കു പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയില്‍ മാത്രമാണു ജമ്മു കാഷ്മീര്‍ അധികാരം കൈമാറിയിരുന്നത്. മറ്റെല്ലാറ്റിലും ഭരണപരമായ അധികാരം ജമ്മു കാഷ്മീര്‍ അസംബ്ലിക്കാണ്.

ഇന്ത്യന്‍ ഭരണഘടന മറ്റു പ്രദേശങ്ങളെപ്പോലെ പൂര്‍ണമായും ജമ്മു കാഷ്മീരിലേക്കു വ്യാപിക്കാത്തതിനും സ്വയംഭരണാവകാശം വിഭാവനം ചെയ്യുന്ന 370ാം വകുപ്പനുസരിച്ചു പ്രത്യേക പദവി ജമ്മു കാഷ്മീരിനു നല്‍കാനുമുണ്ടായ സാഹചര്യവും ഇതാണ്. ജമ്മു കാഷ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. 1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പിനെ എതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് 1950കളുടെ തുടക്കത്തില്‍ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയര്‍ത്തി 370-ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.

ജമ്മു കാഷ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടു വന്നതാണ് 370-ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

ഇനി എന്താണ് 35എ എന്നറിയാം…ജമ്മു, കശ്മീര്‍, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണിത്. ജമ്മു കാഷ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണ് വകുപ്പ്. മറ്റു സംസ്ഥാനക്കാര്‍ക്ക് ജമ്മു കാഷ്മീരിലെ സ്‌കോളര്‍ഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. 35എ വകുപ്പ് ഇനി ബാധകമാകാത്ത സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കുന്നതും ഇനി തടയാനാവാവില്ല.

Related posts