കണ്ണൂർ: ആദികടലായിയിലെ അബ്ദുൾ റൗഫ് എന്ന കട്ട റൗഫിനെ (29) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാളായ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. തയ്യിൽ കുറുവ റോഡിലെ സിറ്റി പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഹസ്രത്ത് നിസാമുദ്ദീനെയാണ് (24) കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ പി.ആർ. സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഹസ്രത്ത് നിസാമുദ്ദീൻ എബിവിപി പ്രവർത്തകനായിരുന്ന പള്ളിക്കുന്നിലെ സച്ചിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. കൂടാതെ കസാനക്കോട്ടയിൽ വച്ച് കൊല്ലപ്പെട്ട റൗഫിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. എസ്ഡിപിഐ പ്രവർത്തകനായ ഫാറൂഖിനെ കൊലപ്പെടുത്തിയ വിരോധവും റൗഫ് തിരികെ ആക്രമിക്കുമോ എന്നുള്ള ഭയവുമാണ് കൊലപ്പെടുത്തിയതിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
എസ്പിയുടെ സ്ക്വാഡംഗങ്ങളായ എഎസ്പിമാരായ സുനിൽകുമാർ, മഹിജൻ, രാജീവൻ, അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, അജയൻ, ഷാജി, സന്ദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിലുള്ളതായാണ് സൂചന. കഴിഞ്ഞമാസം 29ന് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് റൗഫ് വെട്ടേറ്റ് മരിക്കുന്നത്. എസ്ഡിപിഐ പ്രവർത്തകർ തന്നെയാണ് കൊലപാതകത്തിനു പിന്നിലെന്നും അന്നു തന്നെ സംശയമുയർന്നിരുന്നു.