തലശേരി: മദ്യപിച്ച് ലക്ക് കെട്ട് പ്രമുഖ ആശുപത്രിയിലെ സ്റ്റാഫ്നഴ്സിനെ കടന്നു പിടിക്കാനും വസ്ത്രം വലിച്ച് മാറ്റാനും ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. അക്രമികളെ മണിക്കൂറുകൾക്കുള്ളിൽ വ്യാപക റെയ്ഡിലൂടെ പോലീസ് പിടികൂടുകയായിരുന്നു.
നെട്ടൂർ പുത്തൻ പുരയിൽ ഷുഹൈബ് (19), ലോട്ടസിനു സമീപം പാറക്കണ്ടി വീട്ടിൽ അനീസ് (28), ധർമടം സീനത്ത് മൻസിലിൽ മുഹമ്മദ് ഷഹർഷാദ് (19), ഗുഡ് ഷെഡ് റോഡിൽ പാറക്കണ്ടി വീട്ടിൽ ഷാനവാസ് (23) എന്നിവരെയാണ് സി ഐ സനൽകുമാർ, എസ് ഐ എ.അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരെ പോലീസ് രാത്രിയിൽ തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയ സംഘം മുഖത്ത് നോക്കി ഒന്നു ചിരിച്ചു കൂടെ എന്ന് പറഞ്ഞ് നഴ്സിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കൈക്ക് പിടിച്ച് വലിക്കുകയും ഷാൾ പിടിച്ചു പറിക്കുകയും ചെയ്തതായി യുവതി പരാതി പറയുന്നു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുളളത്.