തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സർവീസിലിരിക്കെ റിമാൻഡിലായാൽ 48 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ നടപടി നേരിടണമെന്നാണ് ചട്ടം. ഈ ചട്ടം മുൻ നിർത്തിയാണ് സർവേ ഡയറക്ടർ സ്ഥാനത്തു നിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തത്.
ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നടത്തിയ പരിശോധനയുടെ ഫലം പോലീസിന് കൈമാറിയതോടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണമായത്. ഈ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ശ്രീറാമിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും പുറത്തു വന്നത്.
നേരത്തെ, ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചു.