കോട്ടയം: ബദൽ സംവിധാനം ഏർപ്പെടുത്താതെ നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ഫുട്പാത്ത് മർച്ചന്റ്സ് യൂണിയന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നാളെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഒന്നാംഘട്ട സമരത്തിന് തീരുമാനമായത്.
കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോൾ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച് ത്രിതല പഞ്ചായത്തുകൾ സ്ട്രീറ്റ് മെൻഡേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് തയാറാക്കി കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്.
ഇതിനിടെയാണ് ജില്ലാ വികസന സമിതി യോഗത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.എ.മുഹമ്മദ് ബഷീർ, എ.ദാസ്, പി.എച്ച്. അഷറഫ്, തോമസ് ചാണ്ടി പുളിയാപറന്പിൽ, ഷിബു ഹുസൈൻ, ജനാർദനൻ ടി, ഷാജി കെ.ഇ, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.