കോട്ടയം: പാലാ അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പിന് പ്രവർത്തന രൂപരേഖയൊരുക്കി സിപിഎം ശിൽപശാല. 20നകം പഞ്ചായത്തു തല ശിൽപശാലകൾ പൂർത്തീകരിച്ച് ബൂത്ത് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇന്നലെ പാലാ സണ്സ്റ്റാർ ഓഡിറ്റോറിയത്തിൽ ചേർന്ന ശിൽപ്പശാല തീരുമാനിച്ചു. ബൂത്ത്-ബ്രാഞ്ചു തല സെക്രട്ടറിമാർ, ലോക്കൽ, നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്ത് നടത്തിയ ശിൽപശാല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടി താത്കാലികമാണെന്നും ഇടതുപക്ഷത്തിന് ഭാവിയില്ലെന്നു പ്രവചിച്ചവരെ അന്പരപ്പിച്ചാണ് 87ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്്ട്രീയ സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും ഇടതുപക്ഷത്തിന് അനൂകൂല സാഹചര്യമാണുള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ നേരിയ ഭൂരിപക്ഷം ബൂത്ത് അടിസ്ഥാനത്തിൽ നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ചാൽ മറികടക്കാവുന്നതേയുള്ളൂവെന്നും നഷ്്ടപ്പെട്ട വോട്ടുകൾ കണ്ടെത്താനും അതു ലഭിക്കാനുള്ള സംവിധാനമുണ്ടാക്കാനും കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചു. ഘടകകക്ഷിയായ എൻസിപിക്കായിരിക്കും സീറ്റെന്നു പ്രസംഗത്തിൽ പരോക്ഷമായി കോടിയേരി സൂചിപ്പിച്ചു.
പഞ്ചായത്തുതലത്തിൽ പ്രവർത്തകർക്കായി ഉടൻ ശില്പശാല നടത്തും. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തകർ ഭവനസന്ദർശനം നടത്തും. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾക്ക് ഓരോ പഞ്ചായത്തിന്റെയും ചുമതല നൽകിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ സർക്കാർ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജനകീയ പരിപാടികളും ഉടൻ സംഘടിപ്പിക്കും.
മന്ത്രി എം.എം. മണിക്കാണ് മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. നിയോജക മണ്ഡലം സെക്രട്ടറി ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. കേന്ദകമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, കെ. സുരേഷ്കുറുപ്പ് എംഎൽഎ, ജയിംസ് മാത്യു എംഎൽഎ, പി.കെ. ബിജു , എ. വി. റസൽ, ടി. ആർ. രഘുനാഥ്, എം. ടി. ജോസഫ്, കെ. എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.