ചുങ്കപ്പാറ: ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കാന്‍ തയാറാകുന്നവർ ഇടത് ഐക്യം തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്ന് കാനം രാജേന്ദ്രന്. സിപിഐ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയംഗവും എഐവൈഎഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ജിഞ്ചു കെ.ജോസിന്റെ കുടുംബസഹായ ഫണ്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ് ബിജെപി. അവര്‍ക്ക് ഒത്താശ ചെയ്യുന്ന നയങ്ങള്‍ക്ക് കുട പിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ നിലപാടിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്.
പ്രസിഡന്റ് ഇല്ലാത്ത ഒരു സംഘടനയാണ് ഇടത് പക്ഷത്തിനെ നന്നാക്കാന്‍ ശ്രമിക്കുന്നത്. ആദ്യം കോണ്‍ഗ്രസ് സ്വയം ചികിത്സ തേടുകയാണ് വേണ്ടത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത രാജ്യത്ത് അവരുടെ കടം എഴുതി തള്ളാന്‍ തയാറാകാതെ വന്‍കിട കോർപറേറ്റുകളുടെ ദശലക്ഷക്കണക്കിന് വരുന്ന കടങ്ങള്‍ എഴുതി തള്ളാന്‍ തയാറായ കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്യുന്നതെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.
ജിഞ്ചു കെ.ജോസിന്റെ സഹധർമിണി ജിന്‍സിയും ഏക മകള്‍ ജോസ്നയ്ക്കുമാണ് ഫണ്ട് കൈമാറിയത്. സ്വാഗത സംഘം ചെയര്മാന് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.