മൂവാറ്റുപുഴ: കെഎസ്ആർടിസി ജീവനക്കാരനു യാത്രക്കാർ നൽകിയ യാത്രയയപ്പ് ശ്രദ്ധേയമായി. മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു വിരമിക്കുന്ന ഡ്രൈവർ ടി.എ. സുരേന്ദ്രനാണ് യാത്രക്കാർ ചേർന്നു യാത്രയയപ്പ് നൽകിയത്. 2000ത്തിൽ സർവീസിലെത്തിയ സുരേന്ദ്രൻ മൂവാറ്റുപുഴ ഡിപ്പോയിൽനിന്നു രാവിലെ 6.40ന് എറണാകുളം വില്ലിംഗ്ടണ്‍ ഐലൻഡിലേക്കു പുറപ്പെടുന്ന ബസാണ് ഓടിച്ചിരുന്നത്.
സർവീസിൽനിന്നു വിരമിക്കുന്നവർക്ക് സംഘടനയുടെ ആഭിമുഖ്യത്തിൽ മാത്രമാണ് യാത്രയയപ്പ് നൽകാറുള്ളത്. എന്നാൽ സുരേന്ദ്രന്റെ സൗമ്യവും വിനീതവുമായ പ്രവർത്തനങ്ങളാണ് യാത്രയയപ്പ് നൽകുന്നതിനു യാത്രക്കാരെ പ്രേരിപ്പിച്ചത്.
യാത്രക്കാർക്കായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് തയാറാക്കി തൊടുപുഴ സ്വദേശിയായ സുരേഷാണ് യാത്രയയപ്പിനു നേതൃത്വം നൽകിത്. കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ്, കൊച്ചിൻ ഷിപ്യാർഡ്, നേവൽ ബേസ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ബസിലെ സ്ഥിരം യാത്രക്കാർ.