കോഴിക്കോട്: ഇരുചക്രവാഹനത്തില്‍ പിന്നിലിരിക്കുന്നവരുംഹെൽമെറ്റ് ധരിക്കണമെന്നും കാറില്‍ സഞ്ചരിക്കുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നുമുള്ള നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കായുള്ള നോട്ടീസ് വിതരണത്തിന് തുടക്കം. ഇരുചക്രവാഹനത്തില്‍ പിന്നിലിരിക്കുന്നവരും കാറില്‍ സഞ്ചരിക്കുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം ലംഘിക്കുകയാണെങ്കില്‍ ഈടാക്കുന്ന പിഴയും കോടതി ഉത്തരവുമാണ് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ഹെല്‍മെറ്റിന് 1000 രൂപയും ലൈസന്‍സ് സസ്പന്റ് ചെയ്യാനും നടപടികള്‍ പോലീസ് സ്വീകരിക്കും. സീറ്റ് ബെല്‍റ്റിന് 1000 രൂപയാണ് പിഴ. ഒരാഴ്ച നോട്ടീസ് വിതരണം നടത്തി പൊതുജനങ്ങളെ ബോധവത്കരിക്കുകയും പി്ന്നീട് നിയമനടപടി സ്വീകരിക്കാനുമാണ് പോലീസ് തീരുമാനിച്ചത്.
അതേസമയം ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കുന്നവര്ക്കുമെതിരായ നടപടി പതിവുപോലെ തന്നെ തുടരും. റോഡ് സുരക്ഷാ കര്‍മ്മ പദ്ധതിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഓരോ ഗതാഗത നിയമലംഘനവും വെവ്വേറെ കേസായി പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി എട്ട് എന്‍ഫോഴ്സ്മെന്റ് ആര്‍ടി ഓഫീസുകള്‍ , നാല് ആര്‍ടി ഓഫീസുകള്‍, ആറ് ആര്‍ടിഒ സബ് ഓഫീസുകള്‍ , ആറ് സിറ്റി ട്രാഫിക് യൂണിറ്റുകള്‍, 16 സിറ്റി പോലീസ് സ്റ്റേഷനുകള്‍, 21 റൂറല്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി 61 എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന തുടരും.
നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഗതാഗത- പോലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിന് മെമ്മോ നല്‍കും. മൂന്ന് മണിക്കൂര്‍ ക്ലാസ് റൂം പരിശീലനവും മൂന്ന് മണിക്കൂര്‍ പ്രായോഗിക പരിശീലനവും അടങ്ങുന്ന ട്രെയിനിംഗിന് ജില്ലയില്‍ മൂന്ന് സെന്ററുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചേവായൂരില്‍ 100 ഉം പോലീസ് കണ്ട്രോള് റൂം, വടകര എന്നിവിടങ്ങളില്‍ 50 വീതവും പേര്‍ക്ക് പരിശീലനം നല്കാന് സൗകര്യമുണ്ടാകും.
നിയമലംഘകരുടെ ആധിക്യത്തിനനുസരിച്ച് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പരിശീലന പരിപാടി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. സ്കൂള്‍, ആശുപത്രി പരിസരങ്ങളില്‍ സന്നദ്ധ റോഡ് ട്രാഫിക് പരിപാലനം, സര്‍ക്കാര്‍ ആശുപത്രികളിലെ ട്രോമാ കെയര്‍ വിഭാഗത്തില്‍ സന്നദ്ധ സേവനം എന്നിവയാണ് മൂന്ന് മണിക്കൂര്‍ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ചെയ്യേണ്ടി വരിക. കര്‍മ്മ പദ്ധതിയുടെ ഭാഗമായി മോട്ടാര്‍ വാഹന ഡീലര്‍മാര്‍ക്കും ക്ലാസുകള്‍ സംഘടിപ്പിക്കും. ഡീലര്‍മാര്‍ അവരുടെ ഉപഭോക്താക്കള്‍ക്കും ഇതുപോലെ ക്ലാസുകള്‍ നടത്തണം.