നാദാപുരം: ആയുധങ്ങള്‍ക്കും സ്ഫോടക വസ്തുക്കള്‍ക്കുമായി നാദാപുരം സബ് ഡിവിഷനിൽ നടത്തിയ പോലീസ് റെയ്ഡില്‍ വളയത്ത് നാടൻ ബോംബ് കണ്ടെത്തി. റൂറല്‍ എസ് പി കെ.ജി.സൈമണിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി ജി.സാബു, കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
വളയം സി ഐ എ.വി.ജോണ്‍,എസ് ഐ ആര്.സി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ കുറുവന്തേരി,കല്ലമ്മല്‍ ,അന്തിയേരി, ഒ.പി.മുക്ക്, ചെറുമോത്ത് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കല്ലമ്മലില്‍ ആള് താമസമില്ലാത്ത വെള്ളിലാട്ട് പറമ്പില്‍ നിന്നാണ് നാടന്‍ ബോംബ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബ്. കണ്ടെടുത്ത ബോംബിന് ഏറെ പഴക്കമുണ്ടെന്ന് ബോംബ് സ്ക്വാഡ് അധികൃതര്‍ പറഞ്ഞു.
പയ്യോളി ഡോഗ് സ്ക്വാഡിലെ സ്നിഫര്‍ ഡോഗുകളായ ലക്കി, ടൈസണ്‍,ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരായ എ എസ് ഐ രാജേഷ്,പി.മൊയ്തു,എന്‍. കെ.നവാസ്,ഷൈബു,ദില്‍ജിത്ത്,ലിനീഷ്,ഷൈജു,സന്തോഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കുറ്റ്യാടി എസ് ഐ വി.എം. ജയന്റെ നേതൃത്വത്തില്‍ അമ്പലകുളങ്ങര,നെട്ടൂര്‍,വട്ടക്കണ്ടിപാറ,കാക്കുനി എന്നിവിടങ്ങളിലും പരിശോധന നടത്തി.