മലപ്പുറം: വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാത്തതിനു നല്ലനടപ്പിനു ശിക്ഷിച്ച സ്വകാര്യ ബസ് കണ്ടക്ടർ വി.പി സക്കീറലിയെ ജില്ലാ കളക്ടർ ജാഫർ മാലിക് ആദരിച്ചു. നിയമലംഘകനായല്ല സക്കീറലിയെ കാണുന്നതെന്നും മറ്റു ബസ് ജീവനക്കാർക്കു മാതൃകയായിട്ടാണെന്നും കളക്ടർ പറഞ്ഞു.
തവനൂർ ശിശുഭവനിൽ കെയർ ടേക്കറായി ഏഴു ദിവസം ജോലി ചെയ്ത അദ്ദേഹത്തിന്റെ സേവനം തൃപ്തികരമായിരുന്നുവെന്നും അത് കണക്കിലെടുത്താണ് ആദരിച്ചതെന്നും കളക്ടർ പറഞ്ഞു. പത്തു ദിവസം ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് കളക്ടർ ഇടപെട്ടു ഏഴു ദിവസമാക്കി കുറക്കുകയായിരുന്നു.
ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാർഥതയും സംബന്ധിച്ച് സൂപ്രണ്ട് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഏഴു ദിവസമാക്കി കുറച്ചത്. ചൈൽഡ്ലൈൻ പ്രവർത്തകരുടെ ഓണറേറിയത്തിൽ നിന്നു ശേഖരിച്ച തുകയും കളക്ടർ അദ്ദേഹത്തിനു കൈമാറി. അവിടെ പോയ ദിവസങ്ങളിൽ ജോലി ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്നാണ് സക്കീറിനു തുക നൽകാൻ ചൈൽഡ്ലൈൻ തീരുമാനിച്ചത്.
ജൂലൈ 23ന് വൈകീട്ട് വേങ്ങരയിലാണ് വിദ്യാർഥിയെ സ്റ്റോപ്പ്് മാറി ഇറക്കിയത്. സ്കൂൾ വിട്ടു സഹോദരനൊപ്പം യാത്ര ചെയ്ത കുട്ടിയെ മറ്റൊരു സ്റ്റോപ്പിൽ ഇറക്കി വിട്ടെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് കളക്ടർ ഇടപെട്ടത്.
ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഹാരിസ് പഞ്ചിളി, ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർമാരായ സി.പി സലീം, അൻവർ കാരക്കാടൻ, കൗണ്‍സലർമാരായ മുഹ്സിൻ പരി, രജീഷ് ബാബു എന്നിവർ പങ്കെടുത്തു.