ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ നടപടി ജനാധിപത്യ വിരുദ്ധം ! ഏത് മാറ്റവും മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വേണമെന്ന് കമല്‍ഹാസന്‍…

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം അസാധുവാക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള നടപടി ജനാധിപത്യത്തിന് എതിരായ ആക്രമണമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു.’ഇത് അങ്ങേയറ്റം പിന്തിരിപ്പനും സ്വേച്ഛാധിപത്യപരവുമായ നടപടിയാണ്. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയ്ക്ക് ഒരു ഉത്ഭവമുണ്ട്. ഏത് മാറ്റവും മറ്റുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകണം,’ മക്കള്‍ നീതി മയം പ്രസിഡന്റ് കമല്‍ഹാസന്‍ പറഞ്ഞു.

പ്രതിപക്ഷവുമായി ആലോചിക്കാതെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എഴുത്ത് നടപ്പിലാക്കുകയാണെന്നും വോട്ടിന് മുമ്പായി ആവശ്യമായ ചര്‍ച്ചകളോ സൂക്ഷ്മ പരിശോധനയോ നടക്കുന്നില്ലെന്നും കമല്‍ഹാസന്‍ ആരോപിച്ചു. തീരുമാനങ്ങള്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്നും കമല്‍ഹാസന്‍ വിമര്‍ശിച്ചു. അതേസമയം ജമ്മു കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു സര്‍വകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കില്ല.നിരോധനാജ്ഞ തുടരുകയാണ്.

Related posts