കുന്നംകുളം: നഗരവികസനത്തിന്റെയും, പുതിയ റിംഗ് റോഡ് നിർമാണത്തിന്റെയും ഭാഗമായി ആയി കിഫ്ബി യുടെ വിദഗ്ധസംഘം ആദ്യഘട്ട സർവ്വേ ആരംഭിച്ചു. കുന്നംകുളം നഗരവികസനത്തിന് ഭാഗമായി സർക്കാർ അനുവദിച്ച 100 കോടി രൂപ രൂപ ചെലവഴിച്ചു കൊണ്ടുള്ള വൻ പദ്ധതിയാണ് കുന്നംകുളത്ത് നടപ്പിലാക്കാൻ പോകുന്നത്. കുന്നംകുളം പട്ടണം കേന്ദ്രീകരിച്ചുള്ള വികസനത്തിനും റിംഗ് റോഡ് നിർമാണത്തിനായി 100 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്.
സർക്കാരിന്റെ നേതൃത്വത്തിൽ കിഫ്ബി വഴിയാണ് ഫണ്ട് ചെലവഴിക്കുക. കുന്നംകുളം പട്ടണത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റിംഗ് റോഡുകളുടെ നിർമാണത്തിനായി 72 കോടി രൂപയും ടൗണ്‍ വികസനത്തിനായി 28 കോടി രൂപയും ഉൾപ്പെടുത്തി 100 കോടി രൂപയാണ് മൊത്തം വികസനത്തിനായി വിനിയോഗിക്കുന്നത്. റിംഗ് റോഡ് നിർമാണത്തിൽ 31 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനായി വകയിരുത്തിയിട്ടുണ്ട്. റിംഗ് റോഡ് നിർമാണത്തിന് സ്കെച്ചുകളും മറ്റും തയ്യാറാക്കുന്നതിനാണ് കിഫ്ബിയുടെ വിദഗ്ധ സംഘം ഇന്നലെ കുന്നംകുളത്ത് പ്രാഥമിക പരിശോധന ആരംഭിച്ചത്.
പട്ടാന്പി റോഡിൽ നിന്നും മാർക്കറ്റ് , ബൈജു തീയേറ്റർ വഴി വടക്കാഞ്ചേരി റോഡിലേക്ക് കയറി സീനിയർ ഗ്രൗണ്ട് വഴി തൃശ്ശൂർ റോഡിലേക്കുള്ള വഴിയുടെ പുനർനിർമാണ മാണ് ഈ പദ്ധതിയിൽ ഉള്ളത്. ഈ റോഡ് 12 മീറ്റർ ആയിട്ടാണ് വികസിപ്പിക്കുക. കൂടാതെ ഗുരുവായൂർ റോഡ് ഹെർബർട്ട് റോഡിൽ നിന്നും തുറക്കുളം മാർക്കറ്റ് വഴി കക്കാട് പാടത്തു കൂടി പുതിയ റോഡ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
തുറക്കും മാർക്കറ്റ് റോഡുമായി ബന്ധിച്ച് കക്കാട് പാടത്തുകൂടി 12 മീറ്റർ വീതിയിൽ തന്നെയാണ് പുതിയ റോഡ് നിർമിക്കുന്നത്. ആകാശ കാമറ സ്ഥാപിച്ച ഡ്രോണ്‍ ഉപയോഗിച്ചാണ് പാടത്തു കൂടിയുള്ള പുതിയ റോഡിന്റെ സ്കെച്ച് കിഫ്ബിയുടെ വിദഗ്ധസംഘം തയ്യാറാക്കുന്നത്. ടൗണിലെ പുതിയതായി വരുന്ന റോഡുകളുടെ മൊത്തം നീളം ആറു കിലോമീറ്റർ ആയിരിക്കും.
കിഫ്ബി യിലെ ടെക്നിക്കൽ റിസോഴ്സ് സെന്ററിലെ ഉദ്യോഗസ്ഥരാണ് രൂപരേഖ തയ്യാറാക്കുന്നതിനായി എത്തിയിരുന്നത് . കുന്നംകുളം നഗരസഭ ചെയർപേഴ്സണ്‍ സീത രവീന്ദ്രൻ , കലാമണ്ഡലം ഭരണസമിതി അംഗം ടി.കെ. വാസു, വാർഡ് കൗണ്‍സിലർ പി.ഐ. തോമസ്, കൗണ്‍സിലർ പി. കെ. ബിനീഷ് , സിപിഎം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ തുടങ്ങിയവർ സ്ഥലത്ത് ഉണ്ടായിരുന്നു .