തലശേരി: തലശേരി റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ പ്രീ പെയ്ഡ് കൗണ്ടറിന്റെ പ്രവര്‍ത്തനം സംഘര്‍ഷത്തിലേക്ക്. ജനോപകാരപ്രദമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രീ പെയ്ഡ് കൗണ്ടറിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ കൗണ്ടര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
ട്രാഫിക് പോലീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും പോലീസ് നിയന്ത്രിക്കുകയും ചെയ്യുന്ന പ്രീ പെയ്ഡ് കൗണ്ടറില്‍ ഓരോ ഓട്ടോറിക്ഷ യാത്രക്കാരനില്‍ നിന്നും രണ്ട് രൂപ വീതം ഈടാക്കുന്നുമുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മാസത്തില്‍ അമ്പതിനായിരത്തിലേറെ രൂപ വരുമാനവുമുള്ള ഈ കൗണ്ടറിലെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ആര്‍ക്കാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പട്ട് വിവിധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കൗണ്ടറിലൂടെ ചുരുങ്ങിയത് അരക്കോടി രൂപയെങ്കിലും യാത്രക്കാരില്‍ നിന്നും പിരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ തുക ആരാണ് വീതം വെച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.യാത്രക്കാരില്‍ നിന്നും രണ്ട് രൂപ വാങ്ങി നല്കുന്ന രസീതില്‍ തുക രേഖപ്പെടുത്താത്തതും ദുരൂഹതയുളവാക്കുന്നു. ഈ കൗണ്ടറില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരം നല്കാന് ട്രാഫിക് പോലീസ് ഇനിയും തയാറായിട്ടില്ല.
ചോദ്യം സംബന്ധിച്ച കാര്യങ്ങള്‍ ജേസീസ് ഭാരവാഹികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊളശേരി സ്വദേശിയായ ചോദ്യ കര്‍ത്താവിനോട് എന്ത് വിവരമാണ് അറിയേണ്ടതെന്ന് ഫോണില്‍ ആരാഞ്ഞ ജേസീസ് ഭാരവാഹിയുടെ നടപടിയും വിവാദമാകുന്നു.ജേസീസും ട്രാഫിക് പോലീസും ചേര്‍ന്ന് ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പ്രീ പെയ്ഡ് കൗണ്ടര്‍ ഇപ്പോള്‍ പിരിവ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.
യാത്രക്കാര്‍ പോകുന്ന സ്ഥലത്തേക്ക് തുക എഴുതി നല്‍കണമെന്ന ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ കര്‍ശന നിര്‍ദ്ദേശവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഏതാനും ദിവസം ഇത്തരത്തില്‍ തുക എഴുതി നല്കിയപ്പോള് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എതിര്‍പ്പുമായി രംഗത്തു വരികയും തുടര്‍ന്ന് തുക എഴുതുന്നത് നിര്‍ത്തലാക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
കേരളത്തിലെ മറ്റ് സ്ഥലങ്ങളിലെല്ലാം സര്‍വീസ് ചാര്‍ജായി ഒരു രൂപയും യാത്രാക്കൂലിയും രേഖപ്പെടുത്തി രസീത് നല്‍കുമ്പോഴാണ് തലശേരിയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത്.ദിവസം രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെ ഇവിടെ വരുമാനമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ തുക ആര്‍ക്കാണ് ലഭിക്കുന്നത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്.