ചെങ്ങന്നൂർ: നഗരഹൃദയത്തിലുള്ള പട്ടണത്തിന്റെ മുഴുവൻ ജലസ്രോതസായ പെരുങ്കുളം പാടം മാലിന്യം നിക്ഷേപിച്ച് മണ്ണും വായുവും ജലവും മലിനമാക്കുന്നതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങുന്നു. അശാസ്ത്രീയമായ ജൈവ, ഖരമാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നതിനെതിരെ ദശാബ്ദങ്ങളായി സമീപവാസികളും ടെന്പിൾ റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും അധികൃതർക്ക് നിവേദനം കൊടുത്തിട്ടും സമരപരിപാടികൾ ആരംഭിച്ചിട്ടും പ്രയോജനം കാണാൻ കഴിഞ്ഞില്ല.
മാലിന്യ സംസ്കരണത്തിനായി എയറോബിക് പ്ലാന്റുകൾ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. സമീപവാസികളായ രണ്ടു വ്യക്തികൾ ഇതിനെതിരെ ഏതാനും നാളുകൾക്ക് മുൻപ് ചെങ്ങന്നൂർ മുൻസിഫ് കോടതിയെ സമീപിച്ച് അനുകൂലമായ വിധി സന്പാദിച്ചിട്ടും പ്രതിവിധി കാണാൻ കഴിഞ്ഞില്ല. ടെന്പിൾ റോഡ് അസോസിയേഷൻ ഭാരവാഹികളും നഗരസഭ ചുമതലക്കാരും ആർഡിഒ ഓഫീസിൽ ഒരു ഉടന്പടി സമ്മതപത്രം നൽകി.
ഉടന്പടി അനുസരിച്ച് മാലിന്യം ഇടുന്നതോടൊപ്പം നിശ്ചിത ഘനത്തിൽ മണ്ണിട്ട് മൂടണമെന്നും അണുനാശിനികൾ വിതറി അണു വിമുക്തമാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഉടന്പടിയും കോടതി ഉത്തരവുകളും ലംഘിച്ചുകൊണ്ട് അശാസ്ത്രീയമായി മാലിന്യ നിക്ഷേപം തുടരുകയാണ്. ത·ൂലം സമീപവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
ഇപ്പോൾ പെരുങ്കുളം പാടത്തിന്റെ ഭൂരിഭാഗം സ്ഥലവും സ്റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന 25 സെന്റ് സ്ഥലത്ത് വലിയ കുഴികൾ എടുത്ത് നഗരത്തിലെ മുഴുവൻ മാലിന്യവും നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പകരം സ്ഥലം ഇല്ല എന്നായിരുന്നു മറുപടി.
അപകടകരമായ അവസ്ഥയിൽ നിന്നും ഇനങ്ങളെ മോചിപ്പിക്കുവാൻ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ടെന്പിൾ റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രക്ഷാധികാരികൾ പി.ജി ശശിധരൻ പിള്ള, ഡോ :കെ.പി.പ്രഭാകരപ്പണിക്കർ, പ്രസിഡന്റ് കെ.ടി.ഹരിഹരൻ, കണ്വീനർ മൻമഥൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.