കായംകുളം: നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹം എന്ന മുന്നറിയിപ്പ് വെച്ചാലും ഒരു വാശിയോടെ അവിടെ വീണ്ടും മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇലിപ്പക്കുളം കട്ടച്ചിറ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡരികിൽ കഴിഞ്ഞ ദിവസം രാത്രി ഇറച്ചി അവശിഷ്ടമടക്കമുള്ള മാലിന്യം തള്ളിയവർ ക്യാമറ കണ്ണുകളിൽ കുടുങ്ങി.
മാലിന്യവുമായി എത്തിയ വാഹനമടക്കമുള്ളവ കട്ടച്ചിറ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് റോഡിൽ സ്ഥാപിച്ച സിസി ടിവിയിൽ പതിഞ്ഞതാണ് പ്രതികളെ പിടിക്കാൻ സഹായിച്ചത്. പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ചേരാവള്ളി ഭാഗത്ത് നിന്നാണ് മാലിന്യം എത്തിയതെന്ന് കണ്ടെത്തി.
തുടർന്ന് വള്ളികുന്നം പൊലീസിൽ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് പിടികൂടുക മാത്രമല്ല റോഡരികിൽ നിക്ഷേപിച്ച മുഴുവൻ മാലിന്യങ്ങളും പ്രതികളെ കൊണ്ട് തന്നെ നീക്കിച്ചു അവിടെ വൃത്തിയാക്കിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തു.
ു