പത്തനംതിട്ട: താനോ തന്റെ കാമുകൻ എന്നു പറയുന്നയാളോ അച്ഛന്റെ മരണത്തിൽ ഉത്തരവാദികളല്ലെന്നും തങ്ങൾ ആരെയും മർദിച്ചിട്ടില്ലെന്നുമുള്ള വാദവുമായി ഇലന്തൂരിൽ മർദനമേറ്റു മരിച്ച പ്രവാസി സജീവിന്റെ മകൾ. ഇന്നലെ പത്തനംതിട്ട പ്രസ്ക്ലബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പെണ്കുട്ടി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചത്.
സൗദിയിലായിരുന്ന സജീവൻ വീട്ടിലെത്തിയ ദിവസം മുതൽ വഴക്കായിരുന്നുവെന്നും തന്നെയും രോഗബാധിതയായി കിടക്കുന്ന മാതാവിനെയും തുടരെ മർദിച്ചതായും പെണ്കുട്ടി പറഞ്ഞു. ഇതേത്തുടർന്ന് തങ്ങൾ മെഴുവേലിയിലെ മാതൃഗൃഹത്തിലേക്കു താമസം മാറ്റിയിരുന്നു.
ഇലന്തൂരിൽ സഹകരണ ബാങ്കിൽ താത്കാലിക ജോലിയുണ്ടായിരുന്ന താൻ അച്ഛൻ ആശുപത്രിയിലായ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതൃഗൃഹത്തിലെത്തിയ അച്ഛൻ അവിടെ താഴെ വീണതായി പറയുന്നു. അവിടെ എന്തു നടന്നുവെന്ന് തനിക്കറിവില്ല. താനോ തന്റെ കാമുകനായി പറയുന്ന വള്ളിക്കോട് സ്വദേശിയോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
യാഥാർഥ്യങ്ങൾ മറുച്ചുവച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നതെന്നും ഇതേത്തുടർന്ന് തനിക്കു ജോലി നഷ്ടമായെന്നും യുവതി പറഞ്ഞു. താനുമായി ഇഷ്ടത്തിലുള്ള ആളുമായി വിവാഹം ഉറപ്പിച്ചതാണ്. തങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അച്ഛന്റെ ബന്ധുക്കളിൽ ചിലർ നടത്തുന്ന നീക്കങ്ങളാണ് തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്കു പിന്നിലുള്ളതെന്നും പെണ്കുട്ടി പറഞ്ഞു.