കൊച്ചി: മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളിൽ മത്സ്യബന്ധനത്തിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് വിദഗ്ധർ. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന പാനൽ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കടലിൽ മത്തിയുടെ ലഭ്യത കുറഞ്ഞ ഈ സമയത്ത് ഇവയെ പിടിക്കുന്നത് കൂടുതൽ തകർച്ചയിലേക്ക് നയിക്കും.
കഴിഞ്ഞ വർഷം മുതൽ മത്തിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാൽ കാലാവസ്ഥയും മറ്റു ഘടകങ്ങളും അനുകൂലമാകുന്നതോടെ മത്തി ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. മത്തിയുടെ ലഭ്യതയിൽ തകർച്ച നേരിടുന്ന കാലയളവിൽ മത്സ്യബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം (എംഎൽഎസ്) പത്ത് സെന്റി മീറ്ററിൽ നിന്നും 15 സെന്റി മീറ്റർ ആയി ഉയർത്തണം.
മത്തി കുറയുന്നത് എൽനിനോയെ തുടർന്നുണ്ടാകുന്ന പ്രതികൂല ഘടകങ്ങളും വളർച്ചാമുരടിപ്പ്, പ്രജനനത്തിലെ താളപ്പിഴ, മറ്റ് സ്ഥലങ്ങളിലേക്കുള്ള പാലായാനം, തുടർച്ചയായ അമിതമത്സ്യബന്ധനം തുടങ്ങിയവയും മൂലമാണ്.മത്തിയുടെ ലഭ്യതയെകുറിച്ച് ദീർഘാകാലാടിസ്ഥാനത്തിൽ പ്രവചനം നടത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കും. ഇതിന് വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പഠനം നടത്തും.
മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് ഈയിടെ സിഎംഎഫ്ആർഐക്ക് പ്രവചിക്കാനായത് ഈ മേഖലയിലെ പഠനത്തിൽ ഒരു പ്രധാന വഴിത്തിരിവാണെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഇത്തരം പ്രവചനങ്ങൾ ദീർഘകാലാടിസ്ഥാനത്തിലും സ്ഥിരമായും നടത്തേണ്ടതുണ്ട്. ഇതിന് കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം എന്നീ മേഖലകളിൽ പഠനം നടത്തുന്ന സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐക്ക് പുറമെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്), ഐഎസ്ആർഒയുടെ കീഴിലുള്ള സ്പേസ് അപ്ലിക്കേഷൻസ് സെന്റർ, പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഡോ പ്രതിഭ രോഹിത്, ഡോ. പി.കെ. ദിനേഷ് കുമാർ, ഡോ. ലീല എഡ്വിൻ, ഡോ. നിമിത്ത് കുമാർ, ഡോ. എസ്.പി. ഫസീല, ഡോ. മിനി രാമൻ, ഡോ ഇ.എം. അബ്ദുസമദ് എന്നിവർ ചർച്ചയ്ക്കു നേതൃത്വം നൽകി. സിഎംഎഫ്ആർഐയിൽ നിന്നു വിരമിച്ച മുതിർന്ന ശാസത്രജ്ഞരും ചർച്ചയിൽ പങ്കെടുത്തു. സിഎംഎഫ്ആർഐ തയാറാക്കിയ ’മത്തി എന്ന മത്സ്യസമസ്യ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.