ഗുരുവായൂർ: ഇന്നലെ രാത്രി 10.30 ന് ഗുരുവായൂർ മേഖലയിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം.ലിറ്റിൽ ഫ്ളവർ കോളജിലെ കോണ്‍വെന്റുകളിലെ മരങ്ങൾ കടപുഴകി. കൃഷിയും നശിച്ചു. ഇവിടെ മാവുകൾ, പ്ലാവുകൾ, തെങ്ങ് എന്നിവയാണ് കടപുഴകിയത്. കുലച്ച 50 ലേറെ വാഴകൾ, ചോളം തുടങ്ങിയ കൃഷികളും നശിച്ചു.
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണതോടെ വൈദ്യുതിയും തടസപെട്ടു. താമരയൂർ ദേവസ്വം ക്വോർട്ടേഴ്സിലെ വലിയ ആൽ കടപുഴകി. ആലിന് ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ ആലിന്റെ വേരിൽ കുടുങ്ങി മുകളിലേക്ക് ഉയർന്നു. ക്രെയിൻ കൊണ്ടു വന്നാണ് കാർ ഇറക്കിയത് ക്വോർട്ടേഴ്സിലെ മുകളിൽ തടത്തു നിന്ന ആൽ മുറിച്ച് നീക്കി തുടങ്ങി.
ക്വോർട്ടേഴ്സുകളുടെ മുകളിലുണ്ടായിരുന്ന ഷീറ്റുകൾ പറന്നു പോയി.താമരയുർ കൊളാടി പറന്പിലെ വീടുകളിലെ മരങ്ങൾ വീഴുകയും കൃഷി നശിക്കുകയും ചെയ്തു. അഞ്ചു മിനിറ്റോളം ചുഴലി നീണ്ടുനിന്നു.
ചൊവ്വൂരിൽ മേൽക്കുര തകർന്നു
കുന്നംകുളം: ഇന്നലെ രാത്രി ചൊവ്വന്നൂർ ഭാഗത്ത് വീശിയടിച്ച കാറ്റിൽ കനത്ത നാശനഷ്ടം . ചൊവ്വന്നൂർ സെൻറ് തോമസ് പള്ളിയോടു ചേർന്നുള്ള പാരിഷ് ഹാളിന്റെ ഒരു ഭാഗം തകർന്നു. പാരിഷ് ഹാളിന്റെ മെയിൻ ഹാളിൽ നോട് ചേർന്ന നിർമ്മിച്ചിരുന്ന ഓപ്പണ്‍ ഹാൾ ആണ് ആണ് കാറ്റിൽ പറന്നുപോയത്. ആഞ്ഞു വീശിയ ചുഴലിയിൽ ഇരുന്പു കന്പികളും ഷീറ്റുകളും തൂണുകളും ചുരുട്ടിക്കൂട്ടിയ നിലയിലാണ് കിടക്കുന്നത്.
പള്ളിയോടു ചേർന്നുള്ള പറന്പിലെ മരങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. രണ്ടു തെങ്ങുകളും മരക്കൊന്പുകളും കാറ്റിൽ ഒടിഞ്ഞു വീണിട്ടുണ്ട്. ഒരു ദിശയിൽ മാത്രം വീശിയടിച്ച കാറ്റാണ് നാശനഷ്ടങ്ങൾ വിതച്ചിട്ടുള്ളത്. ചൊവ്വന്നൂർ പഞ്ചായത്ത് അധികൃതരും മറ്റും സ്ഥലത്തെത്തി എത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്ത് വ്യാപകമായ രീതിയിൽ മരച്ചില്ലകളും മറ്റും ഒടിഞ്ഞ്് വീണിട്ടുണ്ട് . മേഖലയിൽ വൈദ്യുതബന്ധവും രാവിലെ വരെ തകരാറിിലായിരുന്നു.
കനത്തമഴയിൽ രണ്ടുവീടുകൾ തകർന്നു
ചെങ്ങാലൂർ : കനത്ത മഴയിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു വീടുകൾ തകർന്നു. എസ്.എൻ പുരത്ത് വീട് കുതിർന്ന് പൂർണ്ണമായി തകർന്നു വീഴുകയായിരുന്നു. ചുള്ളിപറന്പിൽ വിജയൻ മകൻ ജയതിലകന്റെ ഓടിട്ട ഇരുനിലവീടാണ് പൂർണ്ണമായി തകർന്നത്. ഇന്നു പുലർച്ചെയാണ് വീട് തകർന്നത്.
ജയതിലകനും മാതാപിതാക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പ് മാതാപിതാക്കൾ കോടാലിയുലുള്ള മകളുടെ വീട്ടിലേക്കും, ജയതിലകൻ പൂനെയിൽ പഠിക്കുന്ന മകളുടെ അടുത്തേക്കും പോയിരുന്നു. വീട് തകർന്ന സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
കുണ്ടുക്കടവിൽ വീടിന് മുകളിൽ തേക്കും തെങ്ങും വീണ് വീട് തകർന്നു. എളയത്ത് പരേതനായ നാരായണൻ നായർ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (77)യുടെ ഓടിട്ട വീട് ആണ് തകർന്നത്. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. വീടിന് മുൻവശത്ത് ഇരിക്കുകയായിരുന്ന മരങ്ങൾ വീഴുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ മേൽക്കൂരയിൽ നിന്ന് ഓടുകൾ ലക്ഷ്മിക്കുട്ടിയമ്മയുടെ ദേഹത്തേയ്ക്ക് വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.